India - 2025

പരസ്പരം കരുണ കാണിക്കുന്നതിലൂടെ മനുഷ്യത്വത്തിന്റെ മഹത്വം ഉയരും: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം

സ്വന്തം ലേഖകന്‍ 21-11-2016 - Monday

പുന്നമൂട്: മനുഷ്യർ പരസ്പരം കരുണ കാണിക്കുന്നതിലൂടെ മനുഷ്യത്വത്തിന്റെ മഹത്വം ഉയരുമെന്നു മലങ്കര സുറിയാനി മാർത്തോമ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. മാവേലിക്കര ഭദ്രാസനത്തിന്റെ കാരുണ്യവർഷ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

"മനുഷ്യൻ ജീവിക്കുന്നത് ദൈവം നൽകിയ കാരുണ്യത്തിലാണ്. അതിനാൽ മറ്റുള്ളവരോടു നാം കാണിക്കുന്ന കരുണയെ ദൈവീക ആരാധനയായി കാണണം. മറ്റുള്ളവർക്കു ഗുണം ഉണ്ടാകുന്നത് ദുഷ്‌ട വിചാരത്തിലൂടെ കാണാതെ അവരുടെ കഴിവിനെ നാം തിരിച്ചറിഞ്ഞ് സന്തോഷം പങ്കിടാനാണ് ശ്രമിക്കേണ്ടത്. മറ്റുള്ളവരുടെ മനസിന്റെ നന്മയാണ് നമ്മുടെ ജീവിതമെന്നും നമ്മളിൽ ചിന്ത വളർത്തണം. നാം മറ്റുള്ളവരെ നോക്കിയില്ലങ്കിൽ നമ്മേ നോക്കാൻ ആരും കാണില്ലന്ന ചിന്ത നമ്മളിൽ ഉണ്ടാകണമെന്നും ക്രിസോസ്റ്റം മെത്രാപ്പോലീത്ത പറഞ്ഞു.

മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ. ജോർജ് ചരുവിള കോർ എപ്പിസ്ക്കോപ്പ റിപ്പോർട്ട് അവതരിപ്പിച്ചു. മാവേലിക്കര രൂപതയ്ക്കു വേണ്ടി ചുനക്കര ജനാർദനൻ നായരുടെ ആശയത്തിൽ രാജീവ് ആലുങ്കൽ രചിച്ച് മജീഷ്യൻ സാമ്രാജ് നിർമിച്ച മദർ തെരേസ കരുണയുടെ ’അമ്മ എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനം ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത നിർവഹിച്ചു.

രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ കായംകുളം ചേതനാ സൊസൈറ്റി കാൻസർ രോഗികൾക്കായി കേശദാന പദ്ധതിയിലൂടെ സ്വരൂപിച്ച മുടി തൃശൂർ അമല കാൻസർ സെന്റർ അധികൃതർക്ക് ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് കൈമാറി. കെസിബിസി കാരുണ്യ വർഷ പുരസ്കാരം നേടിയ മുഹമ്മദ് ഷമീർ, രാജൻ കൈപ്പള്ളിൽ, രാജു ചാമക്കാല എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

ജിതിൻ മെമ്മോറിയൽ ട്രസ്റ്റ് ഫണ്ട് വിതരണം, ഭദ്രാസന മാതൃ വേദിയുടെ കാരുണ്യനിധി വിതരണം എന്നിവയും സമ്മേളനത്തില്‍ നടന്നു.