News - 2025

പുതുവര്‍ഷത്തില്‍ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം മറ്റുള്ളവരുടെ മുന്നില്‍ ഏറ്റുപറയുവാന്‍ മടികാണിക്കരുത്: ബിഷപ്പ് മാര്‍ക്ക് ഡേവിസ്

സ്വന്തം ലേഖകന്‍ 02-01-2017 - Monday

ലണ്ടന്‍: 2017-ല്‍ ക്രൈസ്തവ മൂല്യങ്ങളെ കുറിച്ചും, വിശ്വാസത്തെ കുറിച്ചും തുറന്ന്‍ പറയുവാന്‍ വിശ്വാസികള്‍ മടികാണിക്കരുതെന്ന് ഷ്‌റൂസ്‌ബെറി കത്തോലിക്ക രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ്. ക്രിസ്തുമസ് ദിന സന്ദേശത്തിലാണ് ബിഷപ്പ് ആഹ്വാനം നടത്തിയത്. അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ പരാമര്‍ശത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ബിഷപ്പ് മാര്‍ക്ക് ഡേവിസ് തന്റെ പ്രസംഗം നടത്തിയത്. ക്രിസ്തുമസിനെ കുറിച്ചു പരസ്യമായി പറയുവാനോ, വിശ്വാസത്തെ ഉറക്കെ പ്രഘോഷിക്കുവാനോ ക്രൈസ്തവര്‍ ഭയക്കേണ്ടതില്ലെന്നായിരുന്നു തെരേസ മേയ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്.

"മനുഷ്യര്‍ക്കു രക്ഷ സാധ്യമായതിന്റെ വലിയ അടയാളമാണ് ക്രിസ്തുമസ്. നാം ഇന്ന് ജീവിക്കുന്ന ഈ രാജ്യത്ത് എല്ലാ സ്ഥലങ്ങളിലും ഇപ്പോള്‍ പള്ളിമണികള്‍ മുഴങ്ങുന്നുണ്ട്. ബേത്‌ലഹേമില്‍ ജനിച്ച രക്ഷകന്റെ പിറവിയെ ലോകത്തോട് ഉറക്കെ വിളിച്ചു പറയുകയുമാണ് ഈ മണിനാദം. എന്നാല്‍ നമ്മുടെ രാഷ്ട്രത്തില്‍ ഇപ്പോള്‍ നടക്കുന്ന ചില പ്രശ്‌നങ്ങളെ കുറിച്ച് വിശ്വാസികള്‍ ബോധ്യമുള്ളവരായിരിക്കണം. ക്രൈസ്തവ വിശ്വാസം എന്നത് പഴകിയ ഒരു നിയമമോ, കാലഹരണപ്പെട്ട ഒരു സദാചാര ചിന്തയോ അല്ല".

"നമ്മുടെ വിശ്വാസത്തെ തുറന്നു പറയുവാന്‍ നാം മടിക്കേണ്ടതില്ല. ക്രിസ്തുവിന്റെ ജനനത്തിന്റെ സദ്വാര്‍ത്ത അറിയിക്കുവാന്‍ എത്തിയ മാലാഖ ആട്ടിടയരോട് പറയുന്ന ആദ്യ വാചകം തന്നെ 'ഭയപ്പെടേണ്ട' എന്നതാണ്. ഇന്നത്തെ ക്രിസ്തുമസും നമ്മോട് പറയുന്നത് ഇതേ വാചകമാണ്. ക്രിസ്തുമസിന്റെ സന്തോഷവും, നമ്മുടെ വിശ്വാസവും തുറന്നു പറയുവാന്‍ നാം ഭയപ്പെടേണ്ടതില്ല. ക്രൈസ്തവ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സംസ്‌കാരമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഇതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്". ബിഷപ്പ് മാര്‍ക്ക് ഡേവിസ് പറഞ്ഞു.

ഉദ്യോഗസ്ഥ തലത്തിലും, ഭരണതലത്തിലുമെല്ലാം ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും അടിച്ചമര്‍ത്തുവാനുള്ള നടപടികള്‍ യുകെയില്‍ സ്വീകരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയും, ക്രൈസ്തവര്‍ വിശ്വാസത്തെ തുറന്നു പറയുവാന്‍ മടിക്കേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. ക്രിസ്തുമസില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തെ എടുത്തുമാറ്റുവാനുള്ള ശ്രമങ്ങള്‍ ആണ് ബ്രിട്ടണില്‍ പലപ്പോഴും നടക്കുന്നത്. വിശ്വാസത്തെ തുറന്നു പറയുന്നവരെ ഒറ്റപ്പെടുത്തുന്ന പല നിലപാടുകളും രാജ്യത്ത് സ്വീകരിച്ചിരുന്നു.

2017-ല്‍ ക്രൈസ്തവ മൂല്യങ്ങള്‍ രാജ്യത്ത് പുതിയ നന്മകള്‍ സൃഷ്ടിക്കട്ടെ എന്നും ബിഷപ്പ് മാര്‍ക്ക് ഡേവിസ് ആശംസിച്ചു. ക്രൈസ്തവ മൂല്യങ്ങളുടെ തകര്‍ച്ച മനുഷ്യാകവാശ ലംഘനങ്ങളിലേക്കാകും രാജ്യത്തെ നയിക്കുക എന്ന മുന്നറിയിപ്പും ബിഷപ്പ് മാര്‍ക്ക് ഡേവിസ് നല്‍കി. താന്‍ നേതൃത്വം വഹിക്കുന്ന ഷ്‌റൂസ്‌ബെറി രൂപതയില്‍, സുവിശേഷ പ്രഘോഷണത്തിനുള്ള പ്രത്യേക മിഷന്‍ വര്‍ഷമായി 2017-നെ ആചരിക്കുവാനുള്ള തിരുമാനം, ആഗമനകാലത്ത് ബിഷപ്പ് മാര്‍ക്ക് ഡേവിസ് പ്രഖ്യാപനം നടത്തിയിരിന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »