News
ബ്ലാക്ക് നസറീനി: ഫിലിപ്പീന്‍സ് ജനതയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ നസറായനായ യേശുക്രിസ്തുവിന്റെ തിരുസ്വരൂപം
സ്വന്തം ലേഖകന്‍ 07-01-2017 - Saturday
മനില: ഫിലിപ്പീന്‍സിലെ ക്യൂയാപ്പോ ദേവാലയത്തിലെ ക്രിസ്തുവിന്റെ രൂപത്തിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. ഈ പ്രത്യേകതകളും ചരിത്രവും മൂലമാണ് മനില അതിരൂപതയിലെ ഈ ദേവാലയം രാജ്യത്തെ വിശ്വാസികളുടെ എല്ലാം ശ്രദ്ധപിടിച്ചു പറ്റുന്നതും. 'ബ്ലാക്ക് നസറീനി' എന്ന ക്രിസ്തുവിന്റെ രൂപമാണ് ക്യൂയാപ്പോ ദേവാലയത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. അഗസ്റ്റീനിയന്‍ സന്യാസ സമൂഹം മെക്‌സിക്കോയില്‍ നിന്നും 1606-ല്‍ ഫിലിപ്പിയന്‍സില്‍ എത്തിച്ച ബ്ലാക്ക് നസറീനി എന്ന ക്രിസ്തുവിന്റെ രൂപം നിരവധി ചരിത്രങ്ങള്‍ക്കും, വന്‍ അപകടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതാണ്. ഒരപകടത്തിലും തകരാതെ നില്‍ക്കുന്ന ക്രിസ്തുവിന്റെ രൂപം കാലങ്ങളോളം വിശ്വാസികളെ അതിശയപ്പിക്കുന്ന സാക്ഷ്യമായി തുടരുന്നു.
ദേവാലയത്തില്‍ രണ്ടു തവണ തീപിടിത്തം ഉണ്ടായപ്പോഴും ബ്ലാക്ക് നസറീനിക്ക് കേടുപാടുകള്‍ സംഭവിച്ചില്ല. രണ്ടു തവണയുണ്ടായ ശക്തമായ ഭൂചലനവും, പലപ്പോഴായി ഉണ്ടായ പ്രളയവും, കൊടുകാറ്റുകളും ബ്ലാക്ക് നസറീനി രൂപത്തിന് നേരിയ കേടുപാടുകള്‍ പോലും വരുത്തുവാന്‍ ശക്തിയുള്ളതല്ലായിരുന്നു. ഇത്രയും പ്രശ്‌നങ്ങള്‍ നേരിട്ട ബ്ലാക്ക് നസറീനി രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബിങ്ങില്‍ തകര്‍ന്നു കാണില്ലേ എന്ന ചോദ്യത്തിനും ഇല്ല എന്ന ഉത്തരം തന്നെയാണ് ലഭിക്കുക. കാലഘട്ടങ്ങളിലെ അപകടങ്ങളെ അതിജീവിച്ച് ബ്ലാക്ക് നസറീനി ചരിത്രത്തിലേക്ക് കാല്‍വയ്പ്പ് നടത്തി നില്‍ക്കുന്നു.
രക്ഷകനും നാഥനുമായ യേശുക്രിസ്തു കാല്‍വരിയിലേക്ക് ക്രൂശ് വഹിച്ചുകൊണ്ടു പോകുന്നതിന്റെ പൂര്‍ണ പ്രതിമയാണ് ബ്ലാക്ക് നസറീനി. 1606-ല്‍ വന്ന അഗസ്റ്റീനിയന്‍ സന്യാസ സമൂഹം പ്രതിമ ആദ്യം സ്ഥാപിച്ചത് ലുനീറ്റായിലെ സ്‌നാപക യോഹന്നാന്റെ പള്ളിയിലാണ്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്നും കുറച്ചു കൂടി സൗകര്യങ്ങളുള്ള ദേവാലയത്തിലേക്ക് ബ്ലാക്ക് നസറീനി രൂപത്തെ മാറ്റി സ്ഥാപിച്ചു. 1767-ല്‍ ആണ് ക്യൂയാപ്പോയിലെ ദേവാലയത്തിലേക്ക് ബ്ലാക്ക് നസറീനി രൂപം എത്തിച്ചത്. ദേവാലയത്തിന്റെ മധ്യസ്ഥന്‍ സ്‌നാപക യോഹന്നാന്‍ തന്നെയാണെന്നത് മറ്റൊരു യാഥര്‍ശ്ചീകതയുമായി.
2006-ല്‍ ആണ് ബ്ലാക്ക് നസറീനി രൂപം ഫിലിപ്പിയന്‍സില്‍ എത്തിച്ചതിന്റെ 400-ാം വാര്‍ഷികം വിശ്വാസികള്‍ ആചരിച്ചത്. എല്ലാവര്‍ഷവും ജനുവരി ഒന്‍പതാം തീയതിയാണ് ബ്ലാക്ക് നസറീനി രൂപം സ്ഥിതി ചെയ്യുന്ന ക്യൂയാപ്പോ ദേവാലയത്തിലെ പ്രധാനതിരുനാള്‍ ആഘോഷിക്കുന്നത്. 'ട്രാസ്ലേസിയന്‍' എന്ന പ്രാദേശിക പേരില്‍ അറിയപ്പെടുന്ന പ്രത്യേക പ്രദക്ഷിണമാണ് തിരുനാള്‍ ദിവസത്തിലെ ഏറ്റവും പ്രാധാന്യമുള്ള ചടങ്ങ്. ബ്ലാക്ക് നസറീനി രൂപത്തിന്റെ ചെറുപതിപ്പുകളുമായി വിശ്വാസികള്‍ അന്നേ ദിവസം മനിലയിലെ ചെറുവീഥികളിലൂടെ ഭക്തിപൂര്‍വ്വം പ്രദക്ഷിണം നടത്തും. 18 മില്യണ്‍ ആളുകള്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ക്രിസ്തുവിന്റെ കാല്‍വറി യാത്രയേ അനുസ്മരിപ്പിക്കുന്ന ചടങ്ങാണ് ട്രാസ്ലേസിയനിലൂടെ വിശ്വാസികള്‍ വീണ്ടും അനുസ്മരിക്കുന്നത്. 4.3 മൈല്‍ ദൂരമാണ് നഗ്നപാദരായ വിശ്വാസികള്‍ പ്രധാനതിരുനാള്‍ ദിനത്തിലെ പ്രദക്ഷിണത്തില്‍ സഞ്ചരിക്കുക. 19 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രദക്ഷിണത്തിന് ശേഷം പങ്കെടുത്ത വിശ്വാസികള്‍ ബ്ലാക്ക് നസറീനി രൂപത്തില്‍ തൊട്ട് പ്രാര്‍ത്ഥനകള്‍ നടത്തും. വിശ്വാസികള്‍ ഇത്തരത്തില്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ക്ക് വേഗം ഫലം കണ്ടതായി ആയിരങ്ങള്‍ സാക്ഷിക്കാറുമുണ്ട്.
1650-ല്‍ ഇന്നസെന്റ് പത്താമന്‍ മാര്‍പാപ്പയാണ് ക്യൂയാപ്പോ ദേവാലയത്തിലെ ബ്ലാക്ക് നസറീനി രൂപത്തോടുള്ള ഭക്തിക്ക് പ്രത്യേക അംഗീകാരം നല്‍കിയത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്യൂയാപ്പോ ദേവാലയത്തിന് മൈനര്‍ ബസലിക്കാ പദവി അനുവദിച്ചു നല്‍കി. ബ്ലാക്ക് നസറീനി രൂപത്തില്‍ ഒന്നു തൊടുവാന്‍ വേണ്ടി ഏഴു മണിക്കൂര്‍ വരെയാണ് വിശ്വാസികള്‍ കാത്തുനില്‍ക്കുന്നതെന്ന് ദേവാലയത്തിന്റെ ചുമതലകള്‍ വഹിക്കുന്ന മോണ്‍സിഞ്ചോര്‍ ഇഗ്നാസിയോ പറഞ്ഞു.
എല്ലായ്‌പ്പോഴും തുറന്നു കിടക്കുന്ന ദേവാലയത്തില്‍ സാധാരണ ദിനങ്ങളില്‍ പത്ത് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കാറുണ്ട്. പ്രഭാതത്തില്‍ തന്നെ തീര്‍ത്ഥാടകര്‍ ദേവാലയത്തിലേക്ക് എത്തിതുടങ്ങും. വൈകുന്നേരമായാലും തീര്‍ത്ഥാടകര്‍ ദേവാലയത്തില്‍ നിന്നും ഒഴിഞ്ഞുപോയിട്ടുണ്ടാകുകയില്ല. ഭവനരഹിതര്‍ക്കും, നിരാലംമ്പര്‍ക്കും രാത്രിയില്‍ ദേവാലയത്തില്‍ തന്നെ കിടന്നുറങ്ങാം. പിറ്റേന്ന് പ്രഭാതത്തില്‍ വീണ്ടും ദേവാലയം ശുചീകരണങ്ങള്‍ക്ക് ശേഷം വിശ്വാസികളെ സ്വീകരിച്ചു തുടങ്ങും.
2014-ല്‍ ക്യൂയാപ്പോയിലെ ദേവാലയത്തിലേക്ക് 4 മില്യണ്‍ വിശ്വാസികള്‍ തീര്‍ത്ഥാടകരായി കടന്നു വന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷം ഇത് അഞ്ചു മില്യണായി ഉയര്‍ന്നു. ഇത്തരം കണക്കുകള്‍ ദേവാലയത്തില്‍ നടക്കുന്ന പ്രദക്ഷിണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തയ്യാറക്കപ്പെട്ടിട്ടുള്ളതാണ്. ഈ ദേവാലയത്തില്‍ നിന്നും മറ്റ് ദേവാലയത്തിലേക്ക് ക്രിസ്തുവിന്റെ ക്രൂശിത രൂപം അശീര്‍വദിച്ച് പ്രതിഷ്ഠിക്കുവാനായി കൊണ്ടുപോകുന്ന പതിവുമുണ്ട്.
