News - 2025
ബ്രിട്ടണിലെ കത്തോലിക്ക സഭയുടെ സ്‌കൂളുകളില്‍ സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്ന പഠിപ്പിക്കല്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ആവശ്യം
സ്വന്തം ലേഖകന്‍ 12-01-2017 - Thursday
ലണ്ടന്‍: കത്തോലിക്ക സഭ നടത്തുന്ന സ്‌കൂളുകളില്‍ സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്ന തരം പഠിപ്പിക്കലുകള്‍ പാടില്ലെന്ന് യുകെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. സമൂഹത്തെ ഒരേ പോലെ കൂട്ടിയിണക്കി മുന്നോട്ടു പോകുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന പ്രത്യേക വകുപ്പിന്റെ ചുമതലയുള്ള ഡാമി ലൂയിസ് കേസെയാണ് പാര്‍ലമെന്റില്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തുല്യതയും സഹിഷ്ണുതയും ഒരേ പോലെ പകര്‍ന്നു നല്‍കുവാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കേണ്ടത് സ്‌കൂളുകളാണെന്ന് ഡാമി ലൂയിസ് കേസെ പറഞ്ഞു.
"മതപരമായ പല കാരണങ്ങളും പറഞ്ഞ് സമൂഹത്തിലെ ചില പ്രത്യേക വിഭാഗത്തോട് പലപ്പോഴും വേര്‍ത്തിരിവ് കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. മതത്തിന്റെ പല യാഥാസ്ഥിതിക നിലപാടുകള്‍ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇസ്ലാം മതവിശ്വാസ പ്രകാരം ചിലര്‍ കുട്ടികളെ സ്‌കൂളുകളില്‍ നടത്തപ്പെടുന്ന ഡാന്‍സിലും, നാടകത്തിലും മറ്റു പരിപാടികളിലും പങ്കെടുപ്പിക്കാറില്ല. ഇത്തരം നിലപാടുകള്‍ തെറ്റാണ്. സമൂഹത്തില്‍ ഒരോ വ്യക്തികള്‍ക്കും, ഒരോ താല്‍പര്യങ്ങളാണ്. ഇതില്‍ നിന്നും അവരെ നിര്‍ബന്ധപൂര്‍വ്വം പിന്‍തിരിപ്പിക്കുന്നതും, അതിന്റെ പേരില്‍ അവരോട് മാത്രം അവഗണന കാണിക്കുന്നതും തെറ്റാണ്". ഡാമി ലൂയിസ് കേസെ പറഞ്ഞു.
സ്വവര്‍ഗാനുരാഗികളോട് കാണിക്കുന്ന ഭയം സഭ മാറ്റി നിര്‍ത്തണമെന്നും ഡാമി ആവശ്യപ്പെടുന്നു. സഭയുടെ സ്‌കൂളുകളിലെ പഠിപ്പിക്കലുകളില്‍ ഇത്തരക്കാരോട് വിവേചനം കാണിക്കില്ലെന്ന രീതിയില്‍ വേണം പഠിപ്പിക്കലുകള്‍ നടത്തുവാനെന്നും അവര്‍ ആവശ്യപ്പെടുന്നു. ഒരു വിഭാഗത്തെ മാത്രം മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള യാതൊരു തരം വേര്‍ത്തിരിവും സഭ നടത്തുന്ന സ്‌കൂളുകളില്‍ കൂടി പ്രചരിപ്പിക്കരുതെന്ന ആവശ്യമാണ് ഡാമി ഉന്നയിക്കുന്നത്. എന്നാല്‍ സ്വവര്‍ഗഭോഗ പ്രവണതയുള്ളവരോട് അനുഭാവപൂര്‍വ്വമായ നിലപാടാണ് സഭ സ്വീകരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
