News - 2025
ഹൃദയത്തില്‍ വചനത്തിന്റെ വിത്തുകളെ വിതറുന്ന വിശുദ്ധ ഗ്രന്ഥം, ഹൃദയത്തിലേക്ക് വന്ന വെടിയുണ്ടയെ തടുത്തപ്പോള്‍
സ്വന്തം ലേഖകന്‍ 17-01-2017 - Tuesday
ലണ്ടന്‍: ആത്മാക്കളുടെ രക്ഷയ്ക്ക് ബൈബിള്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് ആര്‍ക്കും തന്നെ സംശയമുണ്ടാകുകയില്ല. എന്നാല്‍ ചീറിപാഞ്ഞ് വരുന്ന ഒരു വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറാതെ കാക്കുവാന്‍ ബൈബിളിന് കഴിയുമോ? ഇത്തരത്തിലെ ഒരു സംഭവം, ജീവന്റെ വചനങ്ങള്‍ നിരത്തിവച്ച ഈ വിശുദ്ധ ഗ്രന്ഥത്തിന് പറയുവാനുണ്ട്. ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ ലിയോനാര്‍ഡ് നൈറ്റ് എന്ന സൈനികനായി, അദ്ദേഹത്തിന്റെ ആന്റി സമ്മാനിച്ച ബൈബിളാണ് കേള്‍വിക്കാരില്‍ അതിശയം ഉളവാക്കുന്ന ഈ കഥ പറഞ്ഞു തരിക.
തന്റെ പതിനേഴാം വയസിലാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ പോര്‍കളത്തിലേക്ക് ലിയോനാര്‍ഡ് നൈറ്റ് യാത്ര തിരിച്ചത്. പ്രിയപ്പെട്ട ലിയോനാര്‍ഡിന് അവന്റെ ആന്റി സമ്മാനമായി നല്‍കിയത് ആത്മാക്കളെ നിത്യനരകത്തില്‍ നിന്നും രക്ഷിക്കുന്ന ജീവന്റെ വചനങ്ങള്‍ അടങ്ങിയ വിശുദ്ധ ഗ്രന്ഥമായിരുന്നു. 'ലിയോനാര്‍ഡിന്, സ്‌നേഹപൂര്‍വ്വം നിന്റെ മിന്നീ ആന്റി സമ്മാനിക്കുന്നത്'. ഈ വാചകങ്ങള്‍ എഴുതിയാണ് മിന്നീ യേറ്റസ് 1915 ജൂലൈയില്‍ യുദ്ധമുഖത്തേക്ക് പോയ ലിയോനാര്‍ഡിന് വിശുദ്ധ ഗ്രന്ഥം കൈമാറിയത്.
പ്രിയപ്പെട്ട ആന്റി നല്‍കിയ ബൈബിള്‍ ലിയോനാര്‍ഡ് നൈറ്റ് തന്റെ ഹൃദയത്തോടാണ് ചേര്‍ത്തുവച്ചത്. സൈനീക യൂണിഫോമില്‍ യുദ്ധത്തിനായി പോകുമ്പോഴും നെഞ്ചിലെ പോക്കറ്റില്‍ ഈ ബൈബിള്‍ ലിയോനാര്‍ഡ് സൂക്ഷിച്ചിരുന്നു. ഈ ബൈബിള്‍ ആണ് ലിയോനാര്‍ഡിന്റെ ജീവനെ ശത്രുക്കളുടെ വെടിയുണ്ടയില്‍ നിന്നും രക്ഷിച്ചത്. തന്റെ ഹൃദയത്തിന് നേരെ ചീറിപാഞ്ഞുവന്ന വെടിയുണ്ടയെ തടഞ്ഞു നിര്‍ത്തുവാന്‍ തക്ക കട്ടിയുള്ളതായിരുന്നു ലിയോനാര്‍ഡിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഈ ബൈബിള്‍.
ലിയോനാര്‍ഡിന് നേരെ വന്ന ജര്‍മ്മന്‍ സൈന്യത്തിന്റെ വെടിയുണ്ട ഈ ബൈബിളില്‍ ആണ് തറച്ചത്. ബൈബിളിന്റെ അവസാനത്തെ 50 പേജുകള്‍ക്കു മുമ്പ് വരെ തുളച്ചുകയറുവാന്‍ മാത്രമുള്ള ശക്തിയേ ബുള്ളറ്റിന് ഉണ്ടായിരുന്നുള്ളു. തന്റെ നെഞ്ചിന് നേരെ പാഞ്ഞുവന്ന വെടിയുണ്ടയെ തടഞ്ഞ ബൈബിളും, അതില്‍ തറഞ്ഞു കയറിയ വെടിയുണ്ടയും ഈ സൈനികന്‍ സൂക്ഷിച്ചുവച്ചിരുന്നു. തന്റെ കുടുംബാംഗങ്ങള്‍ക്കായി ബൈബിള്‍ കൈമാറുവാനും അദ്ദേഹം ശ്രദ്ധിച്ചു.
നൂറു വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഈ ബൈബിള്‍ ഒരു നിധി പോലെ ലിയോനാര്‍ഡിന്റെ കുടുംബം കാത്തുസൂക്ഷിക്കുന്നു. 1898-ല്‍ വോര്‍ചെസ്റ്റര്‍ഷൈറിലെ വിച്‌ബോര്‍ഡ് എന്ന സ്ഥലത്താണ് ലിയോനാര്‍ഡ് ജനിച്ചത്. ഒന്നാം ലോക മഹായുദ്ധം ഏല്‍പ്പിച്ച മാനസിക സമ്മര്‍ദം താങ്ങുവാന്‍ കഴിയാതിരുന്ന ലിയോനാര്‍ഡ് യുദ്ധം അവസാനിച്ച ശേഷം എവിടേയ്ക്ക് പോയെന്ന് ആര്‍ക്കും അറിയില്ല. സൈന്യത്തിന്റെ രേഖകള്‍ പ്രകാരം ലിയോനാര്‍ഡ് യുദ്ധം അവസാനിച്ചപ്പോള്‍ ജീവനോടെയുണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്നു.
ലിയോനാര്‍ഡിന് ഈ ബൈബിള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ആന്റിയുടെ അഞ്ചാം തലമുറയിലെ കുടുംബാംഗങ്ങളുടെ കൈവശമാണ് ബൈബിള്‍ ഇപ്പോള്‍ ഉള്ളത്. അറുപതുകാരിയായ പൗളാ റിയാനും, അവരുടെ മകള്‍ മുപ്പതുകാരിയായ ക്ലേയ്‌റിയുമാണ് ബൈബിളിന്റെ ഇപ്പോഴത്തെ സൂക്ഷിപ്പുകാര്‍. നഴ്‌സിംഗ് ഹോമിന്റെ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന ക്ലേയ്‌റിയും, അവരുടെ അമ്മയായ പൗളാ റിയാനും ലിയോനാര്‍ഡിനെ കുറിച്ച് നിരവധി അന്വേഷങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
