News - 2025

തീവ്രവാദത്തിനെതിരേയും മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനെതിരേയും യൂറോപ്പിലെ കത്തോലിക്ക, ഓര്‍ത്തഡോക്‌സ് സഭകള്‍ യോജിച്ച് പ്രവര്‍ത്തിക്കും

സ്വന്തം ലേഖകന്‍ 17-01-2017 - Tuesday

പാരീസ്: തീവ്രവാദത്തിനെതിരേയും മതസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേയും ഒരുമിച്ച് നിന്ന് പോരാടുവാന്‍ യൂറോപ്പിലെ കത്തോലിക്ക, ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ ധാരണയില്‍ എത്തി. യൂറോപ്യന്‍ കാത്തലിക്-ഓര്‍ത്തഡോക്‌സ് ഫോറത്തിന്റെ പ്രത്യേക യോഗത്തിന് ശേഷമാണ് 14 ഇന നിര്‍ദേശങ്ങളുള്ള രൂപരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. മതപരമായ അസഹിഷ്ണുതയുടെ ഏറ്റവും വലിയ പ്രകടനങ്ങളാണ് തീവ്രവാദത്തിലൂടെ പുറത്തുവരുന്നതെന്നും സംഘടന പറയുന്നു.

യൂറോപ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ മുന്‍ അധ്യക്ഷനായ കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോയും കോണ്‍സ്റ്റന്റിനോപോള്‍ എക്യൂമിനിക്കല്‍ പാത്രീയാര്‍ക്കീസായ ജിനാഡീയോസ് മെത്രാപ്പോലീത്തായുമാണ് ഫോറത്തില്‍ പങ്കെടുത്തത്. മതത്തിന്റെ പേരില്‍ ചിലര്‍ മാത്രം നടത്തുന്ന തിന്മ പ്രവര്‍ത്തികളെ വിലയിരുത്തി മതവിശ്വാസത്തെ എതിര്‍ക്കുന്നത് ശരിയായ നടപടിയല്ലെന്നും സഭാധ്യക്ഷന്‍മാര്‍ പുറപ്പെടുവിച്ച പ്രത്യേക കുറിപ്പ് പറയുന്നു.

"തെറ്റായ മതസന്ദേശത്തിന്റെ ഭാഗമായിട്ടാണ് മതതീവ്രവാദം ഉളവാകുന്നത്. വിശ്വാസികളെന്നോ, അവിശ്വാസികളെന്നോ വ്യത്യാസമില്ലാതെ ആളുകളുടെ ജീവനെ എടുക്കുന്ന ഇത്തരം പ്രവര്‍ത്തികളെ സഭ ശക്തമായി തള്ളി പറയുന്നു. മതങ്ങളെ സംബന്ധിച്ച് തെറ്റായ സന്ദേശമാണ് ഇത്തരം തീവ്രവാദികള്‍ സമൂഹത്തിന് നല്‍കുന്നത്. ഒരു വിഭാഗം ആളുകള്‍ കാണിക്കുന്ന ഇത്തരം പ്രവര്‍ത്തികളെ മാത്രം അടിസ്ഥാനപ്പെടുത്തി മതസ്വാതന്ത്ര്യത്തെ ഹനിക്കുവാനുള്ള എല്ലാ നടപടികളേയും ശക്തമായി എതിര്‍ക്കുന്നു".

"യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് മൗലിക അവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്നുണ്ട്. ഇതില്‍ ഉള്‍പ്പെടുന്നതാണ് മതസ്വാതന്ത്ര്യം. എന്നാല്‍ അടുത്തിടെയായി മതസ്വാതന്ത്ര്യത്തെ തടയുവാന്‍ ചിലരുടെ ഭാഗത്തു നിന്നും വരുന്ന ശ്രമങ്ങളെ സഭകള്‍ യോജിപ്പോടെ എതിര്‍ക്കും. മതവിശ്വാസത്തിന്റെ പേരില്‍ പൗരന്‍മാരെ പാര്‍ശവല്‍ക്കരിക്കുന്ന എല്ലാ നടപടികളും എതിര്‍ക്കപ്പെടേണ്ടതാണ്". സംയുക്ത പ്രസ്താവ പറയുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്തിടെയായി മുസ്ലീം തീവ്രവാദ സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം ഭീഷണികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മതേതരത്വ നിലപാടിലേക്കും യൂറോപ്യന്‍ സമൂഹത്തെ ഒരു സംഘം ആളുകള്‍ പിടിച്ചു വലിക്കുകയുമാണ്. ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കുമെതിരെയാണ് സഭകള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നത്.