News - 2025

ഗര്‍ഭഛിദ്രത്തിനായി മെക്‌സിക്കോയ്ക്ക് നല്‍കിയിരുന്ന യുഎസ് ധനസഹായം അവസാനിപ്പിക്കുവാനുള്ള ബില്ലില്‍ ട്രംപ് ഒപ്പുവച്ചു

സ്വന്തം ലേഖകന്‍ 24-01-2017 - Tuesday

വാഷിംഗ്ടണ്‍: അധികാരത്തില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍, സുപ്രധാന തീരുമാനത്തില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗര്‍ഭഛിദ്രത്തെ സഹായിക്കുന്നതിനായി മെക്‌സിക്കോയ്ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായത്തെ റദ്ദാക്കുവാനുള്ള സുപ്രധാന തീരുമാനമാണ് ട്രംപ് നടപ്പിലാക്കിയിരിക്കുന്നത്. 'ദ മെക്‌സിക്കോ സിറ്റി പോളിസി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് ട്രംപ് നിര്‍ത്തലാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം വഴിയല്ലാതെ കുടുംബാസൂത്രണം നടപ്പിലാക്കുവാന്‍ സഹായിച്ചിരുന്ന മെകിസിക്കോയിലെ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്ന പദ്ധതിയാണ് 'ദ മെക്‌സിക്കോ സിറ്റി പോളിസി'.

1984-ല്‍ ഐക്യരാഷ്ട്ര സഭ മെക്‌സിക്കന്‍ ജനസംഖ്യയുടെ നിയന്ത്രണത്തിന് വേണ്ടി വിളിച്ചു ചേര്‍ത്ത കോണ്‍ഫറന്‍സിന് ശേഷമാണ് ഇത്തരം ഒരു പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. യുഎസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെ കാലത്താണ് പദ്ധതി നടപ്പിലാക്കിയത്. പിന്നീട് ഇങ്ങോട്ട് പല പ്രസിഡന്റുമാരും പദ്ധതി തുടര്‍ന്നു കൊണ്ടു പോകുവാനും, നിര്‍ത്തിവയ്ക്കുവാനുമുള്ള തീരുമാനം സ്വീകരിച്ചിട്ടുണ്ട്. 2009 ജനുവരി മാസം 23-ാം തീയതി പദ്ധതി തുടര്‍ന്നു നടപ്പിലാക്കുവാന്‍ ഒബാമ ഭരണകൂടം തീരുമാനിച്ചിരുന്നു.

ഭാവിയില്‍ ഗര്‍ഭഛിദ്രത്തോട് എന്തുതരം നിലപാടാകും സ്വീകരിക്കുക എന്നതിന്റെ വ്യക്തമായ സൂചനയാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ പുതിയ തീരുമാനത്തിലൂടെ അമേരിക്കന്‍ ജനതയോട് പ്രഖ്യാപിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന നിലപാടാണ് ട്രംപും കൂട്ടരും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരസ്യമായി സ്വീകരിച്ചത്. വിശ്വാസികളുടെ ഭാഗത്തു നിന്നും ഈ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ജീവന്റെ സംരക്ഷണത്തിനായി വാദിക്കുകയും, വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പ്രസിഡന്റിന്റെ തീരുമാനം. 'ലൈഫ് മാര്‍ച്ച്' വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുവാന്‍ ഒരു ദിവസം കൂടി മാത്രം ശേഷിക്കുമ്പോഴാണ് ട്രംപ് തന്റെ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.