Thursday Mirror
നിരീശ്വരവാദിയായിരിന്ന ഡോക്ടര്‍ ക്രിസ്തുവെന്ന സത്യത്തെ തിരിച്ചറിഞ്ഞപ്പോള്‍
സ്വന്തം ലേഖകന്‍ 01-01-1970 - Thursday
ധാരാളം സമ്പത്ത്, പ്രശസ്തി, കഴിവുകള്‍, സമൂഹത്തിന്റെ അംഗീകാരം. ഗ്രെഗ് ലെഹ്മാന്‍ എന്ന യുക്തിവാദിയായ ഡോക്ടറിനെ പറ്റിയാണ് പറഞ്ഞുവരുന്നത്. യാതൊരു അല്ലലുമില്ലാത്ത ജീവിതവും മെഡിക്കല്‍ സയന്‍സിലുള്ള അഗാധമായ പരിജ്ഞാനവും 'ദൈവമില്ല' എന്ന ചിന്തയിലേക്ക് ഗ്രെഗ് ലെഹ്മാനെ കൂട്ടികൊണ്ട് പോയി. താന്‍ ഒരു നിരീശ്വരവാദി ആയതിനാല്‍ ഏറെ അഭിമാനം കൊണ്ട അദ്ദേഹം 'ദൈവമില്ല' എന്നു തെളിയിക്കായി ഏറെ സമയം കണ്ടെത്തി. ഭാര്യയും രണ്ടു കുട്ടികളുമുള്ള ഡോക്ടര്‍ ലെഹ്മാന്റെ കുടുംബം എല്ലായ്‌പ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തി.
ആഡംബര കാറുകള്‍ വാങ്ങി കൂട്ടുക, വിലകൂടിയ വീടുകള്‍ വാങ്ങുക, സ്കേറ്റിംഗ് നടത്തുക, ധാരാളം യാത്ര ചെയ്യുക- ഡോക്ടര്‍ ലെഹ്മാന്റെ ജീവിതം ഇങ്ങനെയായിരിന്നു. മികച്ച വരുമാനമുള്ള ഡോക്ടര്‍ക്കും ഭാര്യക്കും പണം ഒന്നിനും ഒരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍ ജീവിതത്തില്‍ എന്തോ ഒന്നു നഷ്ടപ്പെടുന്നതായി ലെഹ്മാന് തോന്നിയിരുന്നു. എന്നാല്‍ അത് എന്താണെന്ന് മനസിലാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ലെഹ്മാന്‍ ഏറെ സ്നേഹമുള്ള ഒരു ജീവിത പങ്കാളിയായിരിന്നുവെങ്കിലും മുന്‍കോപവും, എല്ലാ കാര്യങ്ങളേയും സംശയത്തോടെ വീക്ഷിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനു ഉണ്ടായിരിന്നുവെന്ന് ഭാര്യ റൂത്ത് പറയുന്നു. അങ്ങനെയിരിക്കെയാണ് അയല്‍ക്കാരായ ക്രൈസ്തവരുടെ വാദങ്ങള്‍ പൊളിച്ചടക്കാന്‍, അവരുടെ ജീവിതം തെറ്റാണെന്ന് തെളിയിക്കാന്‍ നിരീശ്വരവാദിയായ ഡോക്ടര്‍ ലെഹ്മാന്‍ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങിയത്.
അയല്‍ക്കാരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുക, ദൈവമില്ലായെന്ന് തെളിയിക്കുക അതിലുപരിയായി യാതൊന്നും യുക്തിവാദത്തിന് അടിമയായ ഡോ. ലെഹ്മാന്റെ മനസ്സില്‍ ഉണ്ടായിരിന്നില്ല. എന്നാല്‍ ബൈബിള്‍ ഓരോ തവണ കൈകളില്‍ എടുക്കുമ്പോഴും മനസില്‍ കൂടുതല്‍ സംശയങ്ങള്‍ ഉടലെടുത്തു. യേശുക്രിസ്തു ദൈവമല്ലേ? ബൈബിളില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ശാസ്ത്രം പഠിച്ച തനിക്ക് തന്നെ തോന്നുവാന്‍ തുടങ്ങിയിരിക്കുന്നു, ഇതിന്റെ അര്‍ത്ഥം എന്താണ്?. ലെഹ്മാന്റെ മനസിലെ ചോദ്യങ്ങള്‍ നീണ്ടു പോയി.
അയല്‍ക്കാരെ തോല്‍പ്പിക്കുവാന്‍ ബൈബിള്‍ വായന തുടങ്ങിയ ലെഹ്മാന്‍ താന്‍ എന്തിനാണ് ബൈബിള്‍ എടുത്തതെന്ന്‍ തന്നെ മറന്നു. സംശയങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിക്കുന്നതിനാല്‍ കൂടുതല്‍ ആഴത്തില്‍ ബൈബിള്‍ പഠിക്കുവാന്‍ ലെഹ്മാന്‍ തീരുമാനിച്ചു. ക്രിസ്തുവിനെ കുറിച്ചും ക്രൈസ്തവ വിശ്വാസത്തേ കുറിച്ചും ലെഹ്മാന്‍ പഠിക്കുവാന്‍ ആരംഭിച്ചു. മനസ്സില്‍ ചിന്തകള്‍ മാറി മറഞ്ഞെങ്കിലും തന്നിലെ യുക്തി ബൈബിളിന് മുന്നില്‍ അടിയറവ് വെക്കാന്‍ ലെഹ്മാന്‍ തയാറായിരിന്നില്ല.
"യേശുക്രിസ്തു മനുഷ്യനായി അവതരിക്കുകയും, കുരിശുമരണം ഏറ്റുവാങ്ങുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തുവെന്ന്‍ ബൈബിളില്‍ പറയുന്നു. എന്നാല്‍ എന്നിലെ യുക്തി അതിനേയും സംശയത്തോടെയാണ് നോക്കി കണ്ടത്. ക്രിസ്തു ജീവിച്ചിരുന്നുവെന്നത് സത്യമായിരിക്കാം. എന്നാല്‍ മരിച്ച ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നത് സാധ്യമല്ല എന്ന് ഞാന്‍ വിശ്വസിച്ചു. ഉയിര്‍ത്തെഴുന്നേറ്റു എന്നു പറയുന്നതു അസംബന്ധമാണെന്ന് സ്ഥാപിക്കുവാനുള്ള ശ്രമം ഞാന്‍ ആരംഭിച്ചു. ഉയിര്‍പ്പ് തട്ടിപ്പാണെന്നും അപ്പോസ്‌ത്തോലന്‍മാര്‍ ക്രിസ്തുവിന്റെ ശരീരം മോഷ്ടിച്ചു കൊണ്ടു പോയതാണെന്നും ഞാന്‍ വിധിയെഴുതി".
"പക്ഷേ പിന്നീടാണ് മറ്റൊരു സാധ്യതയെ കുറിച്ച് ഞാന്‍ ചിന്തിച്ചത്. അങ്ങനെ മോഷ്ടിക്കപ്പെടുവാന്‍ പറ്റുന്ന ഒരു ശരീരമല്ല ക്രിസ്തുവിന്റേത്. റോമന്‍ പട്ടാളം കാവല്‍ നില്‍ക്കുന്ന കല്ലറയില്‍ നിന്നും സാധാരണക്കാരായ അപ്പോസ്‌ത്തോലന്‍മാര്‍ക്ക് എങ്ങനെയാണ് ക്രിസ്തുവിന്റെ ശരീരത്തെ മോഷ്ടിക്കുവാന്‍ കഴിയുക. ഇവയെല്ലാം എന്നെ കൊണ്ടെത്തിച്ചതു യുക്തിയുടെ എല്ലാ വ്യാഖ്യാനങ്ങളും തെറ്റാണെന്ന ചിന്തയിലേക്കാണ്. എന്റെ മനസ് വല്ലാതെ ചഞ്ചലപ്പെട്ടു". ഡോക്ടര്‍ ലെഹ്മാന്‍ തന്റെ അനുഭവം വിവരിക്കുന്നു.
ഒരുവശത്ത് നിരീശ്വരവാദത്തിന്റെ ചിന്ത മനസ്സില്‍ കിടക്കുമ്പോള്‍, വിശദീകരിക്കുവാന്‍ കഴിയാത്ത ദൈവീക സത്യങ്ങള്‍ ലെഹ്മാനെ അതിശയിപ്പിച്ചു. ദിവസങ്ങളോളം മാനസികമായി എറെ വേദനയനുഭവിച്ച ഡോക്ടര്‍ ലെഹ്മാന്‍ തന്നെ പൂര്‍ണ്ണമായും ദൈവ സന്നിധിയിലേക്ക് സമര്‍പ്പിച്ചു. കുറ്റങ്ങളും കുറവുകളുമുള്ള ഒരു മനുഷ്യനാണ് താനെന്ന്‍ അദ്ദേഹം ദൈവസന്നിധിയില്‍ ഏറ്റുപറഞ്ഞു. പിന്നീട് തന്റേതായ രീതിയില്‍ അദ്ദേഹം പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. മാനസികമായ ശാന്തിയും, ദൈവവിശ്വാസത്തിന്റെ ബലമുള്ള അടിത്തറയും ലെഹ്മാനു ദൈവം സമ്മാനമായി നല്‍കി. സാവൂള്‍ പൗലോസായതു പോലെ താനും രൂപാന്തരപ്പെട്ട് പുതിയ മനുഷ്യനായെന്ന് ലെഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നു.
"എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥ പലപ്പോഴും എനിക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ എനിക്കു നഷ്ട്ടപ്പെട്ടതെന്തെന്ന് മനസ്സിലായി. ദൈവീക സമാധാനവും, സന്തോഷവും എന്താണെന്നു ഇന്ന്‍ മനസിലാക്കുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തില്‍ അടിസ്ഥാനപ്പെട്ട ക്രൈസ്തവ വിശ്വാസം ഞാന്‍ സ്വീകരിച്ചു. എല്ലാ മതങ്ങളിലെ ആളുകളും ദൈവത്തെ തേടുമ്പോള്‍, മനുഷ്യരെ തേടി വന്ന ദൈവത്തിന്റെ മതമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം എന്ന് ഞാന്‍ തിരിച്ചറിയുന്നു". തന്റെ വിശ്വാസം ലെഹ്മാന്‍ ഏറ്റുപറയുന്നു.
ഈ ലോകത്തിന്റെ മോഹങ്ങളില്‍ സന്തോഷം കണ്ടെത്തി ജീവിച്ച ഡോക്ടര്‍ ലെഹ്മാന്‍, ക്രിസ്തു എന്ന സത്യത്തെ ഇന്ന്‍ ലോകത്തോട് പ്രഘോഷിക്കുകയാണ്. അയല്‍ക്കാരായ ക്രൈസ്തവരുടെ കാപട്യം കണ്ടെത്താന്‍ ബൈബിള്‍ എടുത്ത നിരീശ്വരവാദിയായിരിന്ന ലെഹ്മാന്‍ ഇന്ന്‍ ക്രിസ്തുവിനായി ജീവിക്കുന്നു. യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യം രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.
#repost
