India - 2025
ഓരോ കുടുംബവും കരുണയുടേയും സ്വര്‍ഗ്ഗത്തിന്റെയും പ്രതീകമാകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സ്വന്തം ലേഖകന്‍ 01-03-2017 - Wednesday
ചങ്ങനാശേരി: വിശ്വാസ പാരമ്പര്യങ്ങളിൽ ജീവിക്കുന്ന ചില കുടുംബങ്ങളിൽ ശിഥിലത നേരിടുന്നത് വിചിന്തനത്തിന് വിധേയമാക്കണമെന്നും ഓരോ കുടുംബവും കരുണയുടേയും സ്വർഗത്തിന്റെയും പ്രതീകമാകണമെന്നും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാറേൽപള്ളി മൈതാനിയിൽ ആരംഭിച്ച ചങ്ങനാശേരി അതിരൂപത 18-ാമത് ബൈബിൾ കണ്വൻഷൻ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
"ഓരോ കുടുംബവും കരുണയുടേയും സ്വർഗത്തിന്റെയും പ്രതീകമാകണം. വീട് നഷ്ടപ്പെടുന്നത് ഓരോ മനുഷ്യനും വേദനയുളവാക്കുന്ന കാര്യമാണ്. വീടുവിട്ടിറങ്ങിയ ധൂർത്തപുത്രൻ തിരികെവരാൻ ആഗ്രഹിച്ചു. മക്കളിൽ നിന്നു മാതാപിതാക്കൾക്ക് ഒന്നും മറക്കാനാവാത്തതിനാൽ മാതൃകാപരമായ ജീവിതം നയിക്കാനും കൂടുതൽ കരുണയുള്ളവരായി മാറാനും മാതാപിതാക്കൾ ജാഗ്രത പുലർത്തണം".
"വിശ്വാസത്തിലധിഷ്ഠിതമായ ജീവിതമാണ് കുടുംബത്തിന്റെ ശക്തിയും വെളിച്ചവും. കുടുംബങ്ങൾ വിശ്വാസത്തിലും പ്രാർഥനയിലും ആഴപ്പെട്ടാണ് വളരേണ്ടത്. യേശുവാകുന്ന കനലിൽ നിന്നു വചനം സ്വീകരിച്ചു കുടുംബാംഗങ്ങൾ പ്രകാശിതമാകണം. വിശ്വാസ പാരമ്പര്യങ്ങളിൽ ജീവിക്കുന്ന ചില കുടുംബങ്ങളിൽ ശിഥിലത നേരിടുന്നത് വിചിന്തനത്തിന് വിധേയമാക്കണം". മാർ കല്ലറങ്ങാട്ട് പറഞ്ഞു.
ചങ്ങനാശേരി അതിരൂപത നിയുക്ത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ ഫൊറോനായിലെ വൈദികർ ചേർന്ന് വിശുദ്ധകുർബാന അർപ്പിച്ചതോടെയാണ് കണ്‍വെന്‍ഷനു തുടക്കമായത്. സഭയുടെ വിശ്വാസ കൈമാറ്റവും, കുടുംബവും എന്നതാണ് കണ്വൻഷൻ വിഷയം. വികാരി ജനറാൾ മല്പാൻ മോണ്‍. മാത്യു വെള്ളാനിക്കൽ വിഷയാവതരണം നടത്തി.
വൈകുന്നേരം ചങ്ങനാശേരി അതിരൂപത ചാൻസിലർ റവ.ഡോ.ടോം പുത്തൻകളം വിശുദ്ധ കുർബാന അർപ്പിച്ചു. റവ.ഡോ.ജോബി കറുകപ്പറന്പിൽ പ്രാർഥന നയിച്ചു. ഇന്ന് അതിരൂപത നിയുക്ത സഹായമെത്രാൻ മാർ തോമസ് തറയിൽ, റവ.ഡോ.ദാനിയേൽ പൂവണ്ത്തിൽ എന്നിവർ വചനപ്രഘോഷണം നടത്തും. വൈകുന്നേരം 4.30ന് അതിരൂപതാ പ്രൊക്യുറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ വിശുദ്ധ കുർബാന അർപ്പിക്കും.
