News - 2025

യുഎസിലെ കത്തോലിക്ക സഭയില്‍ വിവാഹിതരായ 120-ല്‍ പരം വൈദികര്‍. ഡീക്കന്‍മാരുടെ സേവനത്തെ കാര്യക്ഷമായി ഉപയോഗിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 13-03-2017 - Monday

വാഷിംഗ്ടണ്‍: ചില പ്രദേശങ്ങളില്‍ കത്തോലിക്ക സഭ വൈദികരുടെ എണ്ണത്തില്‍ നേരിടുന്ന കുറവ് പരിഹരിക്കുവാന്‍ വിവാഹിതരായവരെ വൈദികരാക്കുമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. കടുത്ത യാഥാസ്ഥിതിക വാദികളായ ചിലര്‍ ഇതിനെതിരെ ശക്തമായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സജീവ സേവനത്തിലുള്ള ഒരു ചെറിയ വിഭാഗം വൈദികര്‍ വിവാഹിതരാണെന്ന കാര്യം പലര്‍ക്കും അറിയില്ല. യുഎസില്‍ തന്നെ 120-ല്‍ പരം കത്തോലിക്ക വൈദികര്‍ വിവാഹിതരാണ്.

വൈദികരുടെ വിവാഹ കാര്യത്തില്‍ 1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ ഒരു പ്രത്യേക ഉത്തരവിനെ തുടര്‍ന്നാണ് കത്തോലിക്ക സഭയിലും വിവാഹിതരായ വൈദികര്‍ പൗരോഹിത്യ ശുശ്രൂഷകളിലേക്ക് കടന്നു വന്നിട്ടുള്ളത്. എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍ നിന്നും കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ട നിരവധി പേരില്‍, ആ സഭകളില്‍ വൈദികരായി സേവനം അനുഷ്ഠിച്ചിരുന്നവരും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് കത്തോലിക്ക സഭയിലും തിരുപട്ടം സ്വീകരിക്കുവാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പ്രത്യേക അനുവാദം നല്‍കുകയായിരുന്നു.

2002-ല്‍ ഇത്തരത്തില്‍ കത്തോലിക്ക സഭയിലെ വൈദികനായ വ്യക്തിയാണ് ഫാദര്‍ പോള്‍ സുലിന്‍സ്. വിവാഹിതരായ ആത്മായരുടെ പ്രശ്‌നങ്ങളില്‍ മറ്റുള്ള വൈദികര്‍ നടത്തുന്നതിലും കുറച്ചു കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്ന് ഫാദര്‍ പോള്‍ സുലിന്‍സ് പറയുന്നു. താനും ഭാര്യയും കൂടി നല്‍കുന്ന കൗണ്‍സിലിംഗ് ശുശ്രൂഷ ഏറെ പേര്‍ക്ക് ഉപകാരപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍ നിന്നും വൈദികരായി വന്നിട്ടുള്ളവരെ കൂടി കത്തോലിക്ക സഭയില്‍ വൈദികരാക്കി തീര്‍ക്കണമെന്ന ആവശ്യം നിരവധി രൂപതകളില്‍ നിന്നും ഉയര്‍ന്നു വന്നു. ഒരു രൂപതയില്‍ നിന്നും ഇത്തരത്തില്‍ വൈദികരായി മാറുവാന്‍ കഴിയുന്നവരുടെ എണ്ണം രണ്ടായി പില്‍ക്കാലത്ത് പരിമിതപ്പെടുത്തി. യുഎസില്‍ മാത്രം 120-ല്‍ പരം കത്തോലിക്ക പുരോഹിതര്‍ വിവാഹിതരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ട കിഴക്കന്‍ സഭകളിലെ ചില വിഭാഗങ്ങളിലെ വൈദികര്‍ക്ക് വിവാഹം കഴിക്കുവാനുള്ള അനുവാദമുണ്ട്. 2014-ല്‍ ഇത്തരം വൈദികരെ സംബന്ധിക്കുന്ന സുപ്രധാന ഉത്തരവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. വിവാഹിതരായ കിഴക്കന്‍ സഭയിലെ വൈദികര്‍ക്ക് അവരുടെ സ്വന്തം റീത്തുകളില്‍ മാത്രമാണ് ശുശ്രൂഷകള്‍ ചെയ്യുവാന്‍ അനുവാദം ലഭിച്ചിരുന്നത്. 114 വര്‍ഷത്തോളം നിലനിന്നിരുന്ന ഈ പ്രത്യേക വിലക്കാണ് ഫ്രാന്‍സിസ് പാപ്പ ഒഴിവാക്കിയത്. ഇതുമൂലം വിദേശത്തും മറ്റും സേവനം ചെയ്യുന്ന വിവാഹിതരായ കിഴക്കന്‍ സഭകളിലെ കത്തോലിക്ക പുരോഹിതര്‍ക്ക്, എല്ലാ കത്തോലിക്ക ദേവാലയങ്ങളിലേയും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാം. വൈദികരുടെ ക്ഷാമം നേരിടുന്ന പ്രദേശത്ത് ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ് ഏറെ ഗുണകരമാണ്.

വൈദികരുടെ ക്ഷാമം നേരിടുവാന്‍ സഭയായി ചെയ്യുന്ന മറ്റൊരു പദ്ധതി വിവാഹിതരായ സ്ഥിരം ഡീക്കന്‍മാരെ ഇടവകകളുടെ ശുശ്രൂഷ ഏല്‍പ്പിക്കുക എന്നതാണ്. സഭയുടെയും സമൂഹത്തിന്റെ മുന്നില്‍ ഉത്തമ ക്രൈസ്തവ വിശ്വാസത്തോടെ ജീവിക്കുന്നവരെയാണ് ഏറെ നാളത്തെ പഠനത്തിന് ശേഷം ഡീക്കന്‍മാരാക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ ഡീക്കന്‍മാരുടെ സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെ സംബന്ധിച്ച് ആലോചനകള്‍ നടത്തുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു.

1964 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ 69,063 വൈദികര്‍ പൗരോഹിത്യം ഉപേക്ഷിച്ച് കുടുംബ ജീവിതം സ്വീകരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇവരില്‍ തന്നെ 11,213 പേര്‍ പൗരോഹിത്യ ജീവിതത്തിലേക്ക് തന്നെ മടങ്ങിവന്നിട്ടുമുണ്ട്. പൗരോഹിത്യം ഉപേക്ഷിക്കുവാനുള്ള തങ്ങളുടെ തീരുമാനം തെറ്റാണെന്ന് പൂര്‍ണ്ണമായും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ തിരികെ എത്തിയത്.