India - 2025
കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ മെമ്പര്‍ഷിപ്പ് ക്യാംപെയിന് ആരംഭം
സ്വന്തം ലേഖകന്‍ 14-03-2017 - Tuesday
കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമായി 25 ലക്ഷം പേർക്ക് അംഗത്വം നൽകുന്ന മെബർഷിപ് ക്യാംപെയിനിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. ക്യാംപെയിന്റെ ഉദ്ഘാടനം സീറോ മലബാര്‍ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വ്വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സീറോ മലബാർ സഭയുടെ അല്മായ മുന്നേറ്റത്തിൽ ഏറ്റവും കരുത്താർന്ന മുഖമാണെന്ന് കര്‍ദിനാള്‍ പറഞ്ഞു.
"സീറോ മലബാർ സഭയുടെ അല്മായ മുന്നേറ്റത്തിൽ ഏറ്റവും കരുത്താർന്ന മുഖമാണു കത്തോലിക്കാ കോണ്‍ഗ്രസിന്റേത്. പരസ്പരം അറിയാനും സഹായിക്കാനുമുള്ള ക്രിസ്തീയ ദൗത്യം കാര്യക്ഷമമായി നിർവഹിക്കാൻ പ്രസ്ഥാനത്തിലൂടെ നമുക്കു സാധിക്കണം. സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനുമായി വലിയ കാര്യങ്ങൾ കത്തോലിക്കാ കോണ്‍ഗ്രസിനു നിർവഹിക്കാനാകും. സഭയിലെ 18 വയസു പൂർത്തിയായ എല്ലാവരും കത്തോലിക്കാ കോണ്‍ഗ്രസിനൊപ്പം അണിചേരണം". മേജർ ആർച്ച് ബിഷപ് പറഞ്ഞു.
പ്രസിഡന്റ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, എറണാകുളം-അങ്കമാലി അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, കേന്ദ്ര ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ഭാരവാഹികളായ ടോണി ജോസഫ്, സാജു അലക്സ്, ജോസുകുട്ടി മാടപ്പിള്ളി, ഡേവിസ് പുത്തൂർ, സൈബി അക്കര, ദേവസ്യ കൊങ്ങാല, പ്രഫ.കെ.എക്സ്. ഫ്രാൻസിസ്, ഐപ്പച്ചൻ തടിക്കാട്, സെബാസ്റ്റ്യൻ വടശേരി, റിൻസണ് മണവാളൻ, പീറ്റർ ഞെരളക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
