India - 2025
ദളിത് കത്തോലിക്കരുടെ ഭവനനിർമാണത്തിനു 15 കോടിയുടെ പദ്ധതിയുമായി കെസിബിസി
സ്വന്തം ലേഖകന്‍ 14-03-2017 - Tuesday
കോട്ടയം: ദളിത് കത്തോലിക്കരുടെ ഭവനനിർമാണത്തിനായി പതിനഞ്ച് കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാൻ കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷൻ തീരുമാനിച്ചു. സിബിസിഐ പുറപ്പെടുവിച്ച ദളിത് ശാക്തീകരണ നയരേഖയുടെ സംസ്ഥാനതല പ്രഖ്യാപനവും കർമപദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന യോഗത്തിലാണ് തീരുമാനം. സർക്കാരും രൂപതകളും സന്നദ്ധസംഘടനകളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക.
കെസിബിസി എസ് സി/എസ്ടി കമ്മീഷൻ വിദ്യാർഥികൾക്കു നല്കുന്ന സ്കോളർഷിപ്പ് തുക ഇരട്ടിയാക്കുന്നതിനും ദളിത് കത്തോലിക്കരുടെ സമഗ്ര സർവേ എടുക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം പട്ടം സമന്വയ പാസ്റ്ററൽ സെന്ററിൽ നടന്ന യോഗത്തിൽ കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം അധ്യക്ഷത വഹിച്ചു. സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു.
എസ് സി/എസ്ടി/ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ, കമ്മീഷൻ അംഗങ്ങളായ ബിഷപ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസ്, കമ്മീഷൻ സെക്രട്ടറി ഫാ. ഡിഷാജ് കുമാർ, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് അന്പി കുളത്തൂർ, ജനറൽ സെക്രട്ടറി ജോണി പരുമല, ട്രഷറർ ജോർജ് എസ്. പള്ളിത്തറ, സെക്രട്ടറി എൻ.സി. സെലിൻ എന്നിവര്‍ പ്രസംഗിച്ചു.
