India - 2025
കേരള കാത്തലിക് ഫെഡറേഷന് നേതൃസംഗമം നടന്നു
സ്വന്തം ലേഖകന്‍ 14-03-2017 - Tuesday
കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ്, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ, മലങ്കര കാത്തലിക് അസോസിയേഷൻ എന്നീ സംഘടനകളുടെ സംസ്ഥാനതല ഏകോപനസമിതിയായ കേരള കാത്തലിക് ഫെഡറേഷന്റെ നേതൃസംഗമം നടന്നു. എറണാകുളം പിഒസിയിൽ നടന്ന ചടങ്ങ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് സമഗ്രമായ പരിഹാരം കാണുന്നതിനു സാമൂഹ്യപ്രവർത്തനങ്ങൾക്കു വ്യക്തമായ ദിശാബോധം ആവശ്യമാണെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കെസിബിസി അല്മായ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. കെസിഎഫ് പ്രസിഡന്റ് ഷാജി ജോർജ് അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി സ്മരണിക പ്രകാശനം ചെയ്തു.
കേരളത്തിലെ 31 കത്തോലിക്കാ രൂപതകളിൽ നിന്നു തെരഞ്ഞെടുത്ത മൂന്നു വനിതകൾ ഉൾപ്പെടെ 37 അല്മായ നേതാക്കൾ, സാമൂഹ്യപ്രവർത്തകർ എന്നിവരെയും 80-ാം വയസിലേക്കു കടന്ന സമുദായനേതാക്കളായ ഷെവ. ഏബ്രഹാം അറയ്ക്കൽ, ജോണ്‍ കച്ചിറമറ്റം എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട്, മോണ്‍. ജോസ് നവാസ് എന്നിവർ പ്രസംഗിച്ചു.
