India - 2025
മദ്യനയത്തിൽ അയവ് വരുത്താന്‍ ശ്രമിച്ചാല്‍ സംഘടിത സമരം നടത്തും: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
സ്വന്തം ലേഖകന്‍ 22-03-2017 - Wednesday
തിരുവനന്തപുരം: ജനദ്രോഹ മദ്യനയവുമായി സർക്കാർ മുന്നോട്ടുപോയാൽ സംഘടിതമായി സമരങ്ങള്‍ നടപ്പിലാക്കുമെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായ ഡോ.എം. സൂസപാക്യം. അതിരൂപതയിലെ മദ്യവിരുദ്ധ സമിതി ഭാരവാഹികളുടെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാറിനു ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ബിഷപ്പ്.
"മദ്യസംസ്കാരത്തിൽ നിന്ന് മോചിപ്പിക്കാനായി പ്രതിജ്ഞാബദ്ധരാണെന്ന പ്രതീതിയാണ് പ്രകടനപത്രികയിൽ നൽകിയത്. എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ വാഗ്ദാനം പാലിക്കുന്നതായി ആദ്യം തോന്നി. വിമുക്തിയെന്ന ബോധവത്കരണ പദ്ധതിയുമായി വന്നപ്പോൾ സന്തോഷിച്ചു. അതിനാൽ ആത്മാർഥമായി സഹകരിക്കുന്ന മനോഭാവമാണു സ്വീകരിച്ചത്. സർക്കാരിന്റെ മദ്യനയത്തെ പ്രതീക്ഷയോടെയും ആശങ്കയോടെയുമാണ് കാത്തിരിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പു വന്നതിനാൽ മദ്യനയം പ്രഖ്യാപിക്കുന്നത് മാറ്റിയതായി അറിയിച്ചത് ആശങ്കയുണ്ടാക്കുന്നു".
"പാതയോര വൈൻ, ബിയർ പാർലറുകൾ മദ്യശാലാ പട്ടികയിൽ വരില്ലെന്നാണ് അറ്റോർണി ജനറൽ സർക്കാരിനു നിയമോപദേശം നൽകിയിരിക്കുന്നത്. ഈ നിയമോപദേശം കോടതിയലക്ഷ്യമായി തോന്നുന്നു. ടൂറിസ്റ്റുകളുടെ പേരിൽ സർക്കാർ അവതരിപ്പിക്കുന്ന കണക്കുകൾ സത്യത്തിനു നിരക്കുന്നതല്ല. ഭാഗികമായി നടപ്പാക്കിയ മദ്യനിരോധനം വിജയമല്ല എന്നു തോന്നിക്കുന്ന കണക്കുകളാണ് പുറത്തുവിടുന്നത്".
"യഥാർഥത്തിൽ വിദേശമദ്യവില്പന 25 ശതമാനം കുറഞ്ഞിട്ടുണ്ട്. മദ്യം നൽകാതെ മയക്കുമരുന്ന് നിയന്ത്രിക്കാൻ കഴിയില്ലെന്നു പറയുന്നവർ ഭരണത്തിലിരിക്കാൻ അർഹരല്ല. ശക്തമായ നിയമനിർമാണവും ഇച്ഛാശക്തിയും ആത്മാർഥതയുമില്ലാതെ മദ്യത്തിൽ നിന്നു മോചിപ്പിക്കാൻ സാധിക്കില്ല. യാഥാർഥ്യങ്ങൾ മനസിലാക്കാതെ ഒളിഞ്ഞും തെളിഞ്ഞും മദ്യനയത്തിൽ അയവ് വരുത്താൻ ശ്രമിച്ചാൽ ജനങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ തിരിച്ചടിയുണ്ടാകും". ആർച്ച ബിഷപ്പ് പറഞ്ഞു.
പത്രസമ്മേളനത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ പെരേര, കെസിബിസി മദ്യവിരുദ്ധ സമിതി മേഖലാ ഡയറക്ടർ ഫാ. ജോണ്‍ അരീക്കൽ, ടിഎസ്എസ്എസ് ഡയറക്ടർ ഫാ.ടി. ലെനിൻരാജ്, മേഖലാ പ്രസിഡന്റ് എഫ്.എം. ലാസർ, ഫാ. ടി.ജെ. ആന്റണി, അഡിക് ഇന്ത്യാ ഡയറക്ടർ ജോണ്സണ് ഇടയാറന്മുള, മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ വി.എസ്. ഹരീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.
