India - 2025
കുടിവെള്ള സ്രോതസുകളിലെ വ്യവസായ മലിനീകരണത്തെ കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നു: കർദിനാൾ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 23-03-2017 - Thursday
കൊച്ചി: സംസ്ഥാന സർക്കാർ കുടിവെള്ള സ്രോതസുകളിലെ വ്യവസായ മലിനീകരണത്തെകുറിച്ച് മൗനം പാലിക്കുകയാണെന്ന് കർദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി. പെരിയാറിനെ വീണ്ടെടുക്കാനായി കൊച്ചിയിൽ വിഷജലവിരുദ്ധ പ്രക്ഷോഭം. കുടിവെള്ളം ജന്മാവകാശം എന്ന പേരിൽ ഹൈക്കോടതി ജംഗ്ഷനിൽ ആരംഭിച്ച ഉപവാസ സത്യഗ്രഹവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
"പെരിയാറിലേക്ക് അപകടകരമായ തോതിൽ രാസമാലിന്യമൊഴുക്കുന്ന വ്യവസായശാലകളെ നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യമാണ്. എറണാകുളം ജില്ലയുടെയും സമീപ ജില്ലകളുടെയും പ്രത്യേകിച്ചു വിശാലകൊച്ചിയുടെയും ജീവൽപ്രശ്നമായാണു പെരിയാറിലെ രാസമാലിന്യപ്രശ്നങ്ങൾ വളരുന്നത്. കൊച്ചിയിൽ വൃക്ക, കാൻസർ രോഗികളുടെ എണ്ണം കൂടുന്നതിന്റെ കണക്കുകൾ നമ്മെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. പെരിയാറിൽനിന്നു ശേഖരിക്കുന്ന വെള്ളത്തിൽ മാത്രമല്ല, തീരങ്ങളിലെ വീട്ടുകിണറുകളിലെ പോലും വെള്ളം മലിനമാകുന്ന സ്ഥിതി ആശങ്കയുളവാക്കുന്നതാണ്".
"പ്രകൃതിയിൽനിന്ന് അകലുന്ന മനുഷ്യൻ, വായുവും വെള്ളവും മലിനമാക്കുന്നതിനും കൂട്ടുനിൽക്കുന്നതിന്റെ ദുരന്തം വർത്തമാനകാലവും വരുംതലമുറകളും അഭിമുഖീകരിക്കേണ്ടതുണ്ട്. കുടിവെള്ളത്തിനൊപ്പം ജീവജാലങ്ങൾ വസിക്കുന്ന പുഴയാകെ സംരക്ഷിക്കപ്പെടണം. ഗംഗയും യമുനയും മാത്രമല്ല, രാജ്യത്തെ എല്ലാ പുഴകളും കാട്ടാറുകളും ജലസ്രോതസുകളും സംരക്ഷിക്കാൻ പദ്ധതികൾ വേണം. പുഴയ്ക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള മുന്നേറ്റങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമോ പ്രവർത്തനമോ ആയി കാണേണ്ടതില്ല". കര്‍ദിനാള്‍ പറഞ്ഞു.
എലൂർ, എടയാർ എന്നിവിടങ്ങളിൽ പെരിയാറിന്റെ തീരത്ത് മാത്രം ഒതുങ്ങിയിരുന്ന പ്രതിഷേധമാണ് ജലദിനത്തിൽ കൊച്ചി നഗരം ഏറ്റെടുത്തിരിക്കുന്നത്. ഹൈക്കോടതി ജംഗ്ഷനിൽ നടക്കുന്ന അഞ്ച് ദിവസം നീളുന്ന പരിപാടിയിൽ ഓരോ ദിവസവും അൻപത് പേരാണ് ഉപവാസ സത്യഗ്രഹം ഇരിക്കുക. ഉപവാസസത്യഗ്രഹത്തിനു പിന്തുണയുമായി ഇൻഫോപാർക്കിലെ ജീവനക്കാർ സംഘടിപ്പിച്ച ബൈക്ക് റാലി, നടി മൈഥിലി ഫ്ളാഗ് ഓഫ് ചെയ്തു. ഇൻഫോപാർക്കിനു മുന്പില് നിന്നാരംഭിച്ച റാലി ഹൈക്കോടതി ജംഗ്ഷനിലെ സമരപന്തലില്‍ സമാപിച്ചു.
