India - 2025
മിഷന് കോണ്‍ഗ്രസ് സമാപിച്ചു
സ്വന്തം ലേഖകന്‍ 01-05-2017 - Monday
കൊച്ചി: അഞ്ചു ദിവസം നീണ്ടുനിന്ന മിഷന് കോണ്‍ഗ്രസിന് (ജിജിഎം 2017) സമാപനം. വചനപ്രഘോഷണ മേഖലയില്‍ യുവാക്കളുടെ സജീവ പങ്കാളിത്തം ആഹ്വാനം ചെയ്യുന്ന യുവജനസംഗമത്തോടെയാണ് അങ്കമാലി കറുകുറ്റി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടന്നുവന്ന മിഷന് കോണ്‍ഗ്രസ് സമാപിച്ചത്. ജൊവായി രൂപത ബിഷപ് ഡോ. വിക്ടര്‍ ലിംഗ്ദോ യുവജനസംഗമം ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ ദൈവസ്നേഹത്തില്‍ ആഴപ്പെട്ട ജീവിതം നയിക്കണമെന്നു ബിഷപ്പ് ആഹ്വാനം ചെയ്തു.
ദൈവസ്നേഹം സഭയ്ക്കും സമൂഹത്തിനും വേണ്ടി കഠിനമായി പ്രവര്‍ത്തിക്കാന്‍ യുവജനങ്ങളെ സഹായിക്കും. അതു സഭയ്ക്കും സമൂഹത്തിനും പുരോഗതിക്കു കാരണമാകും. ഇന്നു യുവജനങ്ങള്‍ തെറ്റായ മാധ്യമസംസ്കാരം മൂലം ലോകസുഖങ്ങള്‍ തേടി അലയുന്നവരായി മാറുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്ന യുവജനങ്ങള്‍ ലോകത്തിനു പിന്നാലെ പോകരുത്. സഭയുടെയും സമൂഹത്തിന്റെയും ഭാവി നിര്‍ണയിക്കുന്നത് യുവത്വമാണ്. ബിഷപ്പ് പറഞ്ഞു.
അഞ്ചുദിവസം നീണ്ടുനിന്ന മിഷന് കോണ്‍ഗ്രസില്‍ സന്യാസിനികളുടെ കൂട്ടായ്മ, വൈദികരുടെ കൂട്ടായ്മ, ബൈബിള്‍ പകര്‍ത്തിയെഴുത്തു മത്സരത്തില്‍ (സ്ക്രിപ്ത്തുറ) പങ്കെടുത്തവരുടെ സംഗമം, ഫാത്തിമ ശതാബ്ദി ആഘോഷം, അധ്യാപകരുടെ സംഗമം, പ്രോലൈഫ് കൂട്ടായ്മ, മിഷന് ഇന്ത്യ വണ്‍, തെക്കന്‍ കേരളത്തിലെ കുട്ടികളുടെ സംഗമം, അന്യഭാഷകളില്‍ ബൈബിള്‍ പകര്‍ത്തിയെഴുത്തു മത്സരത്തില്‍ പങ്കെടുത്തവരുടെ സംഗമം, വടക്കന്‍ കേരളത്തിലെ കുട്ടികളുടെ സംഗമം, വിന്‍സന്‍ഷ്യന്‍ ആത്മീയതയുടെ 400ാം വാര്‍ഷികാഘോഷം, പ്രാര്‍ഥനാ സംഗീത നിശ പളുങ്കുകടല്‍ എന്നിവ നടന്നു.
