India - 2025
ചിരികള്‍ക്കിടയില്‍ കൂടുതല്‍ കാലം ജീവിക്കുവാന്‍ തോന്നുന്നു: മാര്‍ ക്രിസോസ്റ്റോം
സ്വന്തം ലേഖകന്‍ 08-05-2017 - Monday
കൊച്ചി: കാര്‍ട്ടൂണുകളില്‍ കാണുന്ന ചിരികൾക്കിടയിൽ കൂടുതല്‍ കാലം ജീവിക്കാന്‍ തോന്നുകയാണെന്നു മാര്‍ത്തോമ്മാ സഭാ വലിയ മെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റം. എറണാകുളം രാജേന്ദ്ര മൈതാനത്തു കാര്‍ട്ടൂണ്‍ അക്കാഡമി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ പ്രദര്‍ശനം (കാരിടൂണ്‍) കാണാന്‍ എത്തിയതായിരുന്നു മാര്‍ ക്രിസോസ്റ്റം. രാജേന്ദ്ര മൈതാനിയിലെത്തിയ മെത്രാപ്പോലീത്തയെ 10 കാര്‍ട്ടൂണിസ്റ്റുകള്‍ ഒരേസമയം കാന്‍വാസില്‍ പകര്‍ത്തി.
"നൂറു വയസ് പൂർത്തിയാക്കി മരിക്കാൻ തയാറെടുപ്പ് നടത്തുന്ന ആളാണു ഞാൻ. പക്ഷേ ഇവിടെ ഈ കാർട്ടൂണുകൾ കണ്ടപ്പോൾ സന്തോഷം തോന്നി. ഈ ചിരികൾക്കിടയിൽ കൂടുതല്‍ കാലം ജീവിക്കാന്‍ തോന്നുകയാണ്. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരാളെ പലരീതിയില്‍ കാണാനുള്ള കഴിവുണ്ട്. ഒരാളുടെ പ്രത്യേകതകള്‍ മനസിലാക്കി അവനെ വരകളിലൂടെ വലിയവനാക്കുന്നു. ഏതാനും വരകൾകൊണ്ടു സമൂഹത്തിനു പരിചയപ്പെടുത്തുന്നു. കാര്‍ട്ടൂണിസ്റ്റുകളെ എല്ലാവര്ക്കും പേടിയും ബഹുമാനവുമാണ്. ഇവര്‍ക്ക് ഒരാളെ സന്തോഷിപ്പിക്കാനും പേടിപ്പിക്കാനും ആവും". മാര്‍ ക്രിസോസ്റ്റം പറഞ്ഞു. കാർട്ടൂൺമേള നാളെ സമാപിക്കും.
