India - 2025
റൂബി ജൂബിലി നിറവില്‍ കാഞ്ഞിരപ്പള്ളി രൂപത
സ്വന്തം ലേഖകന്‍ 09-05-2017 - Tuesday
കാഞ്ഞിരപ്പള്ളി: ചങ്ങനാശേരി അതിരൂപത അതിരൂപത വിഭജിച്ച് 1977 ൽ രൂപീകൃതമായ കാഞ്ഞിരപ്പള്ളി രൂപത നാൽപതു വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷം 12നു നടക്കും. രാവിലെ 10ന് കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ജൂബിലി ദീപം തെളിക്കും.
തുടർന്ന് സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ മാർ മാത്യു അറയ്ക്കൽ, സഹായമെത്രാൻ മാർ ജോസ് പുളിക്കൽ എന്നിവര്‍ ബലിയര്‍പ്പിക്കും. വികാരി ജനറാൾമാരായ ഫാ. ജസ്റ്റിൻ പഴേപറന്പിൽ, ഫാ. ജോർജ് ആലുങ്കൽ, റവ.ഡോ. കുര്യൻ താമരശേരി, ഫാ. കാൾ ഹിർട്ടൻഫെൽഡർ, ഫാ. തോമസ് ഇലവനാമുക്കടമറ്റു വൈദികരും സഹകാർമികരായിരിക്കും. മാർ ജോസ് പുളിക്കൽ സന്ദേശം നൽകും.
തുടര്‍ന്നു നടക്കുന്ന കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിക്കും. രൂപതയുടെ പ്രഥമ മെത്രാൻ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐസൻസ്റ്റാറ്റ് രൂപതയിലെ ഫാ. കാൾ ഹിർട്ടൻഫെൽഡർ, സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജാൻസി മരിയ എന്നിവർ പ്രസംഗിക്കും. തുടർന്ന് സ്നേഹവിരുന്ന് നടക്കും.
1977 ഫെബ്രുവരി 26നാണ് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. 10 ഫൊറോനകളിലായി 145 ഇടവകകളാണു കാഞ്ഞിരപ്പള്ളി രൂപതയിലുള്ളത്. 37,000 കുടുംബങ്ങളും രണ്ടു ലക്ഷത്തിലേറെ വിശ്വാസികളുമുള്ള രൂപതയിൽ 295 വൈദികരാണ് ശുശ്രൂഷ ചെയ്യുന്നത്. 60 കപ്പേളകളും എണ്‍പതിലേറെ കുരിശടികളും രൂപതയ്ക്ക് കീഴിലുണ്ട്.
