India - 2025
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ദളിത് കത്തോലിക്കരുടെ ഫീസ് കെസിബിസി വഹിക്കും
സ്വന്തം ലേഖകന്‍ 26-05-2017 - Friday
കൊച്ചി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ദളിത് കത്തോലിക്കാ വിദ്യാർത്ഥികൾക്കു തുടർപഠനത്തിനുള്ള മുഴുവൻ കോഴ്സ് ഫീസും കെസിബിസി കമ്മീഷൻ വഹിക്കുമെന്നു എസ് സിഎസ്ടി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ അറിയിച്ചു. സിബിസിഐയുടെ ദളിത് ശാക്തീകരണനയം സംബന്ധിച്ച പഠനരേഖയെക്കുറിച്ചു കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ ദളിത് കാത്തലിക് മഹാജനസഭ (ഡിസിഎംഎസ്) പാലാരിവട്ടം പിഒസിയിൽ നടത്തിയ അവബോധന സെമിനാറിലാണ് ഇക്കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്.
സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ദളിത് സമൂഹത്തിന്റെ സമഗ്രമായ ക്ഷേമത്തിനു സഭ പ്രതിജ്ഞാബദ്ധമാണെന്നു അദ്ദേഹം പറഞ്ഞു. സിബിസിഐ തിയോളജിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതാധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. നയരേഖയുടെ ദൈവശാസ്ത്രവീക്ഷണങ്ങൾ അദ്ദേഹം വിശദീകരിച്ചു. കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, സെക്രട്ടറി ഫാ. ഷാജ്കുമാർ, ജോയിന്റ് സെക്രട്ടറി ജയിംസ് എലവുങ്കൽ എന്നിവർ പ്രസംഗിച്ചു.
