News - 2025
റമദാന്‍ മാസത്തില്‍ പാക്കിസ്ഥാനിലെ നിര്‍ധന ഇസ്ലാം മതസ്ഥര്‍ക്ക് ഭക്ഷണ വസ്തുക്കളുമായി ക്രൈസ്തവ സംഘടന
സ്വന്തം ലേഖകന്‍ 19-06-2017 - Monday
കറാച്ചി: പാകിസ്ഥാനിലെ പര്‍വ്വതമേഖലയിലെ ഗ്രാമങ്ങളില്‍ വരള്‍ച്ചയും, ക്ഷാമവും കാരണം ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഗ്രാമീണരായ ഇസ്ലാം മതസ്ഥര്‍ക്കിടയില്‍ സഹായഹസ്തവുമായി കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസ്. ഇക്കഴിഞ്ഞ ജൂണ്‍ 11നു സംഘടന പ്രദേശത്തെ ഇസ്ലാം മതസ്ഥര്‍ക്ക് ഭക്ഷണ പദാര്‍ഥങ്ങള്‍ അടങ്ങിയ സഞ്ചികള്‍ വിതരണം ചെയ്തു. ഏതാണ്ട് 2,000 രൂപയോളം (US $ 20) വിലവരുന്നതാണ് ഓരോ ഭക്ഷണ സഞ്ചിയും.
വെള്ളപ്പൊക്കം, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ മുന്‍കാലങ്ങളിലും പാക്കിസ്ഥാനിലെ കാരിത്താസ് വിഭാഗം ഈ മേഖലകളില്‍ സഹായവുമായി എത്തിയിരിന്നു. എന്നാല്‍ ഇതാദ്യമായാണ് റമദാന്‍ മാസത്തില്‍ ഭക്ഷണ സഞ്ചി വിതരണം ചെയ്യുന്നത്. കറാച്ചിയുടെ അതിര്‍ത്തിയിലുള്ള നിര്‍ധനരായ ഏതാണ്ട് 90-ഓളം കുടുംബങ്ങള്‍ക്കാണ് കാരിത്താസിന്റെ സഹായം ലഭിച്ചത്. ഒരുദിവസത്തേക്ക് വേണ്ട ഭക്ഷണസാധനങ്ങള്‍ നിറഞ്ഞ സഞ്ചിയായിരിന്നു ഓരോ കുടുംബത്തിനും ലഭിച്ചത്.
മേഖലകളിലെ ജനങ്ങള്‍ വളരെ പാവപ്പെട്ടവരാണെന്നും, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി പ്രദേശങ്ങളില്‍ മഴ ലഭിക്കാത്തതിനാല്‍ ഗ്രാമീണരുടെ കൃഷിയിടങ്ങളെല്ലാം കൃഷി ചെയ്യുവാന്‍ കഴിയാത്തവിധം തരിശായികിടക്കുകയാണെന്നും, നിത്യവൃത്തിക്കായി എല്ലാവരും കഷ്ടപ്പെടുകയാണെന്നും പാകിസ്ഥാനിലെ കാരിത്താസിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ മാന്‍ഷാ നൂര്‍ പറഞ്ഞു.
റമദാന്‍ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ത്തന്നെ ഗ്രാമീണര്‍ സഹായത്തിനായി തങ്ങളെ സമീപിച്ചുവെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒട്ടും വൈകാതെ തന്നെ കാരിത്താസ് ഇവര്‍ക്ക് ഭക്ഷണസഞ്ചി വിതരണം ചെയ്യുവാന്‍ വേണ്ട ധനസമാഹരണം നടത്തുകയായിരുന്നു. കത്തോലിക്ക സംഘടനയുടെ സഹായം നോമ്പ് കാലത്ത് തങ്ങള്‍ക്ക് വലിയൊരനുഗ്രഹമായെന്ന് ഗ്രാമീണര്‍ ഒന്നടങ്കം പറഞ്ഞു.
