News - 2026

പുതിയ മെത്രാപ്പോലീത്തമാര്‍ ഇന്ന് പാലിയം സ്വീകരിക്കും: ഭാരതത്തില്‍ നിന്നു ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും

സ്വന്തം ലേഖകന്‍ 29-06-2017 - Thursday

വത്തിക്കാന്‍ സിറ്റി: പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനമായ ഇന്ന് പുതുതായി നിയമിക്കപ്പെട്ട ആര്‍ച്ച് ബിഷപ്പുമാര്‍ക്ക് ഫ്രാന്‍സിസ് പാപ്പ പാലിയം നല്‍കും. വത്തിക്കാന്‍ സമയം രാവിലെ 9.30-ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയാണ് ആഗോളസഭയിലെ പുതിയ 36 മെത്രാപ്പോലീത്തമാര്‍ പാപ്പായില്‍നിന്നും പാലിയം സ്ഥാനിക ഉത്തരീയം സ്വീകരിക്കുന്നത്. പാലിയം സ്വീകരിക്കുന്നവരില്‍ ഏകഇന്ത്യക്കാരനായി ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ഉണ്ടെന്നത് ശ്രദ്ധേയമാണ്.

വിശുദ്ധ ബലി മദ്ധ്യേ കര്‍ദ്ദിനാള്‍ പ്രോട്ടോ ഡീക്കന്‍ നവമെത്രാപ്പോലീത്തമാരെ പേരുവിളിച്ച് അവരുടെ സാന്നിദ്ധ്യം അറിയിക്കും. തുടര്‍ന്നു റോമിലെ സഭാകൂട്ടായ്മയിലുള്ള ഭാഗഭാഗിത്വത്തിന്‍റെയും പത്രോസിന്‍റെ പാരമാധികാരത്തിലുള്ള പങ്കാളിത്തത്തിന്‍റെയും ഭാഗമായി പാലീയം ഉത്തരീയം നല്‍കണമെന്ന് അദ്ദേഹം മാര്‍പാപ്പയോട് അഭ്യര്‍ത്ഥിക്കും. ഇതിന് പിന്നാലേ മെത്രാപ്പോലീത്തമാര്‍ ഓരോരുത്തരും അവരുടെ വിധേയത്വം ഏറ്റുപറയും. തുടര്‍ന്ന് പാപ്പാ പാലിയം ആശീര്‍വ്വദിച്ച് ഓരോരുത്തരെയും അണിയിക്കും. കുഞ്ഞാടിന്റെ രോമം കൊണ്ട് നെയ്തുണ്ടാക്കിയ പാലിയം നല്ലിടയനായ ക്രിസ്തുവിനോട് ഐക്യപ്പെടേണ്ട മെത്രാപ്പോലീത്തായുടെ ഇടയദൗത്യമാണ് സൂചിപ്പിക്കുന്നത്.


Related Articles »