India - 2025
ക്ലേശങ്ങള്‍ ജീവിതത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുമെന്ന സന്ദേശം അല്‍ഫോന്‍സാമ്മ നല്കി: കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ്
സ്വന്തം ലേഖകന്‍ 27-07-2017 - Thursday
ഭരണങ്ങാനം: ക്ലേശങ്ങൾ ജീവിതത്തിന്റെ മഹത്വം വർദ്ധിപ്പിക്കുമെന്ന സന്ദേശമാണ് അൽഫോൻസാമ്മയുടെ ജീവിതം നൽകുന്നതെന്ന് സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഇന്നലെ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ആധുനികമനുഷ്യർക്ക് ഇഷ്ടം, അനുസരിക്കുന്ന ദൈവത്തെയാണെന്നും അതു തെറ്റായ ദൈവസങ്കല്പമാണെന്നും അദ്ദേഹം പറഞ്ഞു.
ചോദിക്കുന്ന കാര്യങ്ങൾ ഉടൻ കിട്ടുന്നില്ലെങ്കിൽ ദൈവത്തിനു ശക്തിയില്ലെന്നു കരുതുന്നവരുണ്ട്. അത്തരക്കാർ വിശ്വാസത്തിൽ ഉറപ്പില്ലാത്തവരാണ്. വിശുദ്ധ കുർബാന മരിച്ചവന്റെ ഓർമയും മരിച്ചതിന്റെ ഓർമയും ഉയിർപ്പിന്റെ ഓർമയുമാണ്. കർത്താവിന്റെ മരണോത്ഥാനങ്ങളിൽ പങ്കുചേരുന്പോഴാണു ശരിയായ ദൈവദർശനത്തിലേക്ക് എത്തുന്നത്. ക്ലേശങ്ങൾ ജീവിതത്തിന്റെ മഹത്വം വർധിപ്പിക്കുമെന്ന സന്ദേശമാണ് അൽഫോൻസാമ്മയുടെ ജീവിതം നൽകുന്നത്.
ഗോതന്പുമണി നിലത്തുവീണ് അഴിയാതിരുന്നാൽ അതിന്റെ സ്വർണനിറം നിലനിർത്താം. പക്ഷേ, പുതിയഗോതന്പുചെടി ഉണ്ടാകില്ല. നിലത്തുവീണ് അഴിയുന്പോൾ പുതിയ മുകുളങ്ങൾ വിരിയുന്നു. ജീവന്റെ കാര്യവും ഇങ്ങനെതന്നെ. ജീവിതക്ലേശങ്ങളെ ജീവിതവിജയത്തിനുള്ള മാർഗമായി സ്വീകരിക്കണം. കർദിനാൾ പറഞ്ഞു. മോൺ. മാത്യു മനക്കരക്കാവിൽ, മോൺ. ജോൺ കൊച്ചുതുണ്ടിയിൽ എന്നിവർ സഹകാർമികരായിരുന്നു.
ഇന്നലെ രാവിലെ 8.30ന് ശിവഗംഗ രൂപതാധ്യക്ഷൻ ഡോ. ജെസുസൈൻ മാണിക്യം തമിഴിൽ വിശുദ്ധ കുർബാന അർപ്പിച്ചു. റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ജോമോൻ കപ്പൂച്ചിൻ, ഫാ. ജോസ് തറപ്പേൽ, ഫാ. അഗസ്റ്റിൻ തെരുവത്ത്, ഫാ. ഏബ്രഹാം കണിയാംപടിക്കൽ, റവ.ഡോ.തോമസ് വടക്കേൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു കാർമികത്വം വഹിച്ചു.
