India

സിറിയന്‍ വിശ്വാസസമൂഹത്തോട് ഇന്ത്യന്‍ സഭ കാണിക്കുന്ന അനുകമ്പയ്ക്കു നന്ദിയറിയിച്ച് അന്ത്യോക്യന്‍ പാത്രിയര്‍ക്കീസ്

സ്വന്തം ലേഖകന്‍ 20-09-2017 - Wednesday

അടൂര്‍: സിറിയയില്‍ പീഡനം അഭിമുഖീകരിക്കുന്ന വിശ്വാസ സമൂഹത്തോട് ഇന്ത്യയിലെ സഭ കാട്ടുന്ന പ്രാര്‍ത്ഥനയിലും അനുകമ്പയിലും കടപ്പാടുണ്ടെന്നു അന്ത്യോക്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് യൂസഫ് യൗനാന്‍ ബാവ. അടൂര്‍ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ കൂദാശയില്‍ പങ്കെടുത്തു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മ പ്രേരണയാല്‍ സഭകള്‍ ഐക്യത്തിലേക്കു കടന്നുവന്നു കൊണ്ടേയിരിക്കുന്നു. ക്രിസ്തു സ്‌നേഹത്തില്‍ ഒന്നായ നാം വിശുദ്ധ പത്രോസിലൂടെ ഐക്യത്തിലേക്കു കടന്നുവന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അടൂരിലെത്തിയ പാത്രിയര്‍ക്കീസ് ബാവയെ അടൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കെയ്‌റോ ആര്‍ച്ച്ബിഷപ് യൂസഫ് ഹാനോഷ്, കാനഡ ബിഷപ് യൂസഫ് ഹാബാഷ് എന്നിവരും പാത്രിയര്‍ക്കീസ് ബാവയ്‌ക്കൊപ്പമുണ്ടായിരുന്നു. ക്ലേശം അനുഭവിക്കുന്ന സഭയുടെ ജീവിക്കുന്ന സുവിശേഷ സാക്ഷ്യമാണു പാത്രിയര്‍ക്കീസ് യൂസഫ് യൗനാന്‍ബാവയെന്നു സ്വീകരണ സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.

ആന്റോ ആന്റണി എംപി, അടൂര്‍ പ്രകാശ് എംഎല്‍എ, അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ്, ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടന്പനാട് ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത, മാര്‍ത്തോമ്മാ സഭ അടൂര്‍ മാവേലിക്കര ഭദ്രാസനാധിപന്‍ ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ തുടങ്ങിയവരും പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിച്ചു.

ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സന്റ് മാര്‍ പൗലോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ്, വിന്‍സന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.