
പാലാ: കഴിഞ്ഞ ദിവസം അന്തരിച്ച വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി മുന്‍ റെക്ടറും തൃശൂര്‍ മേരിമാത മേജര്‍ സെമിനാരി മുന്‍ പ്രഫസറുമായ റവ. ഡോ. സഖറിയാസ് എലിപ്പുലിക്കാട്ടിന്റെ മൃതസംസ്ക്കാരം നാളെ (ശനിയാഴ്ച) നടക്കും. ഉച്ചകഴിഞ്ഞ് 1.30 ന് പാലാ തൊടുപുഴ റോഡില്‍ മാനത്തൂര്‍ സെന്റ് മേരീസ് പള്ളിക്കു സമീപമുള്ള വസതിയില്‍ ആരംഭിക്കുന്ന ശുശ്രൂഷ മാനത്തൂര്‍ പള്ളിയില്‍ സമാപിക്കും. മൃതസംസ്ക്കാര ശുശ്രൂഷയില്‍ ബിഷപ്പുമാര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
പാലാ സെന്റ് ഇഫ്രേംസ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവന്ന ഫാ. സഖറിയാസ് ഇന്നലെയാണ് അന്തരിച്ചത്. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് പാലാ സെന്റ് തോമസ് കത്തീഡ്രലിനു സമീപം രൂപതാ പ്രീസ്റ്റ് ഹോമില്‍ പൊതുദര്‍ശനത്തിന് എത്തിക്കും. തുടര്‍ന്ന് മൂന്നിനു മാനത്തൂരുള്ള വസതിയിലേക്കു കൊണ്ടുപോകും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണനടപടികളിലും ചുമതലകള്‍ വഹിച്ച അദ്ദേഹം വിവിധ സെമിനാരികളിലായി ആയിരത്തിലേറെ വൈദികരുടെ അധ്യാപകന്‍ കൂടിയായിരിന്നു. 1989- 1999 കാലയളവിലാണ് അദ്ദേഹം വടവാതൂര്‍ സെമിനാരിയുടെ റെക്ടറായി സേവനം ചെയ്തത്.