News - 2025

ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന യഹൂദരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 12-01-2018 - Friday

ഓക്സ്ഫോര്‍ഡ്: സത്യദൈവത്തെ അറിഞ്ഞു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന യഹൂദരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ പ്രേഷിത സംഘടനകളിലൊന്നായ ‘ക്രിസ്റ്റ്യന്‍ വിറ്റ്‌നസ്സ് ടു ഇസ്രായേല്‍’ (CWI) ആണ് ഇക്കാര്യം പുറത്തിവിട്ടിരിക്കുന്നത്. യഹൂദരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ക്രിസ്ത്യന്‍ വിറ്റ്‌നസ് റ്റു ഇസ്രായേല്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ അറുപതോളം യഹൂദര്‍ യേശുവിനെ തങ്ങളുടെ രക്ഷകനായി സ്വീകരിച്ചുവെന്ന്‍ സി‌ഡബ്ല്യു‌ഐയുടെ അന്താരാഷ്ട്ര മിഷ്ണറി സംഘം വെളിപ്പെടുത്തി.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ദ്ധനവാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. തങ്ങളെ മോചിപ്പിക്കുവാന്‍ വന്ന മിശിഹായെ യഹൂദര്‍ സ്നേഹിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നത് ഭാവിയില്‍ കാണുവാന്‍ കഴിയുമെന്ന പ്രതീക്ഷ തങ്ങളെ ആവേശഭരിതരാക്കുന്നതായി സി‌ഡബ്ല്യു‌ഐയുടെ തലവനായ ജോസഫ് സ്റ്റെയിന്‍ബെര്‍ഗ് പറഞ്ഞു. ലോകം മുഴുവന്‍ ദൈവത്തിന്റെ രക്ഷാകര ശക്തിയെക്കുറിച്ചറിയുവാന്‍ 'സകലരുടേയും രക്ഷകന്‍ യേശുവാണ്' എന്ന ബോധ്യം സഭ വീണ്ടെടുക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് സ്റ്റെയിന്‍ബെര്‍ഗ് കൂട്ടിച്ചേര്‍ത്തു.

യഹൂദര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ അവര്‍ക്കു ആശ്രയമായി സംഘടന സ്ഥാപിച്ചതാണ് ‘അഭയ ഭവന്‍’ (House of Refuge). ജനുവരി 27-ന് തങ്ങളുടെ 175-മത് വാര്‍ഷികാഘോഷത്തിന് തയ്യാറെടുക്കുകയാണ് ഈ പ്രേഷിത സംഘടന. മുന്‍കാല ദൗത്യങ്ങളും ഇസ്രായേല്‍, ഫ്രാന്‍സ്, ഹോളണ്ട്, ഹംഗറി, ബള്‍ഗേറിയ, അമേരിക്ക, യു.കെ. തുടങ്ങിയ രാജ്യങ്ങളിലെ ഇപ്പോഴത്തെ പ്രേഷിത ദൗത്യങ്ങളുടെ അവലോകനവും സി‌ഡബ്ല്യു‌ഐയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കും.

More Archives >>

Page 1 of 273