Events - 2025

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനോടനുബന്ധിച്ച് 'ഡ്രോപ്സ് ഓഫ് മേഴ്സി'

നോബിൾ ജോർജ് 12-02-2016 - Friday

United Kingdom: കരുണയുടെ ഈ വർഷത്തിൽ, രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനോടനുബന്ധിച്ച് KINGDOM REVALATOR മാസികയും St. Chad's Sanchuryയും ചേര്‍ന്നൊരുക്കുന്ന 'ഡ്രോപ്സ് ഓഫ് മേഴ്സി'.

ഗവണ്‍മെന്‍റിന്‍റെ സാമ്പത്തിക സഹായത്തിന് അര്‍ഹതയില്ലാത്ത അശരണരായ അഭയാര്‍ത്ഥികളെ സഹായിക്കുന്ന സെന്‍റ് ചാഡ്‌സ് സാങ്ക്ചുറി (St. Chad's Sanchury) എന്ന സന്നദ്ധ സംഘടനയും കിംഗ്‌ഡം റെവലേറ്റര്‍ (KINGDOM REVELATOR) മാസികയും ചേർന്ന് ഒരുക്കുന്ന "ഡ്രോപ്സ് ഓഫ് മേഴ്സി" എന്ന ജീവകാരുണ്യ പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കുചേരാം.

സുവിശേഷത്തിന്‍റെ സൗന്ദര്യം ലോകമെമ്പാടുമുള്ള യുവതീയുവാക്കളിലേക്ക് എത്തിക്കുവാൻ, ഏതാണ്ട് രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച കിംഗ്‌ഡം റെവലേറ്റര്‍ മാസിക, അതിന്‍റെ വളര്‍ച്ചയുടെ പാതയില്‍ എട്ടോളം രാജ്യങ്ങളിലായി പ്രതിമാസം പതിനാലായിരത്തോളം കോപ്പികള്‍ വിതരണം ചെയ്യുന്നുണ്ട്. ദൈവവചനം കുട്ടികളിലേയ്ക്ക് അവരുടെ ഭാഷയിലും ശൈലിയിലും എത്തിക്കുന്നതോടൊപ്പം "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍" എന്ന കാരുണ്യവര്‍ഷ സന്ദേശം ഉള്‍ക്കൊണ്ട് കാരുണ്യ പ്രവൃത്തികള്‍ ചെയ്യാനും വേദനിക്കുന്നവരോട് സഹാനുഭൂതി കാണിക്കുവാനും കുട്ടികളെ ശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിംഗ്‌ഡം റെവലേറ്റര്‍ മാസിക ഈ ദൗത്യം ഏറ്റെടുത്തത്.

ഡ്രോപ്സ് ഓഫ് മേഴ്സി പ്രോജക്റ്റില്‍ എങ്ങനെ പങ്കുകാരാകാം?

ഫെബ്രുവരി 13-ാം തീയതി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി വരുമ്പോള്‍ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ പ്രവേശന‍ കവാടത്തിനു സമീപത്തായി ക്രമീകരിച്ചിരിക്കുന്ന കിംഗ്‌ഡം റെവലേറ്റര്‍ കൗണ്ടറില്‍ താഴെ പറയുന്ന വസ്ത്രാദികളും മറ്റ് ഉല്‍പ്പന്നങ്ങളും ഏല്‍പ്പിക്കാവുന്നതാണ്.

1. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന വൃത്തിയാക്കിയതും, ഉപയോഗ്യവുമായ പഴയ വസ്ത്രങ്ങള്‍, ഷൂസ്, ഹൈജീനിക് ഉല്‍പ്പന്നങ്ങള്‍, ടോയിലട്രീസ്‌.

2. കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന പേന, പെന്‍സില്‍, പുസ്തകങ്ങള്‍, നോട്ട്ബുക്ക്.

3. താഴെ പറയുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ മാത്രം കൊണ്ടു വരിക: പാസ്ത, അരി, പഞ്ചസാര, ടീ ബാഗ്, പാചക എണ്ണ, ടിന്‍ ഫുഡ്‌ (മത്സ്യം, വെജിറ്റബിള്‍, സൂപ്പ്, വെജിറ്റബിള്‍ ബീന്‍സ്).

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മനോജ്‌ - 07846228911