India - 2025

ബോബിയച്ചന്റെ 'അഞ്ചപ്പം' നെയ്യാറ്റിൻകരയിലും

സ്വന്തം ലേഖകന്‍ 22-06-2018 - Friday

നെയ്യാറ്റിൻകര: വിശക്കുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് ഫാ. ബോബി ജോസ് കട്ടിക്കാട് വിഭാവനം ചെയ്ത “അഞ്ചപ്പം” ഭക്ഷണശാല നെയ്യാറ്റിൻകരയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. വിശപ്പുളള ആർക്കും കാശില്ലെന്ന ഭയമില്ലാതെ വയറു നിറയെ കഴിക്കാനും ഭക്ഷണശാലയിൽ ഒരുക്കിയിരിക്കുന്ന പുസ്‌തകങ്ങള്‍ വായിക്കാനുമാണ് നെയ്യാറ്റിൻകരയിലെ അഞ്ചപ്പത്തിലൂടെയും ലക്ഷ്യമിടുന്നത്. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് യേശു അയ്യായിരം പേരെ ഊട്ടിയ സംഭവത്തില്‍ നിന്ന്‍ പ്രചോദനം ഉള്‍കൊണ്ട് ആഹാരത്തിനു ബുദ്ധിമുട്ടുന്നവർക്കു സൗജന്യ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എഴുത്തുകാരനും പ്രഭാഷകനുമായ ഫാ.ബോബി കട്ടിക്കാടിന്റെ നേതൃത്വത്തില്‍ 2016-ല്‍ “അഞ്ചപ്പം” ട്രസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

പത്തനംതിട്ട ജില്ലയിൽ റാന്നിയിലും കോഴഞ്ചേരിയിലും “അഞ്ചപ്പം” വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. നിരവധി സുമനസുകളുടെ കൂട്ടായ പ്രവർത്തനമാണ്‌ അഞ്ചപ്പത്തിന്റെ മൂലധനം. അഞ്ചപ്പത്തിലെത്തുന്ന ആർക്കും 25 രൂപ നിരക്കിൽ ഊണ്‌ ലഭിക്കും. എന്നാൽ, ഭക്ഷണശാലയിൽ കാഷ്‌ കൗണ്ടർ ഉണ്ടാകില്ല, പണം നൽകാൻ താല്‍പ്പര്യമുണ്ടെങ്കിൽ നൽകാം, പണം നിർബന്ധമായി വാങ്ങാൻ ആളുമുണ്ടാവില്ല. അതുകൊണ്ട്, തുക നിക്ഷേപിക്കാനായി പെട്ടി സജ്ജീകരിച്ചിരിക്കും. പണമുളളവർക്ക്‌ സന്മനസ്സ് അനുസരിച്ച് കൂടുതലും നിക്ഷേപിക്കാം. വരുന്ന ആഗസ്റ്റിൽ നെയ്യാറ്റിന്‍കരയില്‍ അഞ്ചപ്പത്തിന്റെ പ്രവർത്തനം ആരംഭിക്കുവാനാണ് സംഘാടകർ പദ്ധതിയിട്ടിരിക്കുന്നത്.

More Archives >>

Page 1 of 171