News - 2025

മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രവുമായി ചേര്‍ന്നു നടത്താന്‍ അഭ്യര്‍ത്ഥിച്ച് മന്ത്രി

സ്വന്തം ലേഖകന്‍ 03-11-2018 - Saturday

ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നു നടത്താന്‍ അഭ്യര്‍ഥിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധി. മിഷണറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എം. പ്രേമ ഇന്നലെ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. മന്ത്രിയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച.

മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി, സഭയുടെ കീഴിലുള്ള എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളും ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു. ഭൂരിപക്ഷം സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സിസ്റ്റര്‍ മന്ത്രിയെ ധരിപ്പിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിസിന്റെ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ മാത്രം പരിശോധിക്കാന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി ഉത്തരവിട്ടത് വന്‍ വിവാദമായിരിന്നു. ഇതിന് പിന്നാലെയാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രവുമായി ചേര്‍ന്നു നടത്താന്‍ അഭ്യര്‍ത്ഥിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.


Related Articles »