India - 2025

സൈമണച്ചന്റെ കാരുണ്യത്തില്‍ മുജീബിന് ഇത് പുതുജന്മം

സ്വന്തം ലേഖകന്‍ 09-03-2016 - Wednesday

മണ്ണാര്‍ക്കാട്: ഫാ.സൈമണ്‍ പീറ്റര്‍ പകുത്തു നല്കിയ വൃക്കയുമായി മുജീബ് പുതിയ ജീവിതത്തിലേക്ക്. നെല്ലിപ്പുഴ സെന്‍റ് ജെയിംസ് ദേവാലയത്തിലെ വികാരി ഫാ.സൈമണ്‍ പീറ്റര്‍ നല്‍കിയ വൃക്കയുമായി, മണ്ണാര്‍ക്കാട് ടിപ്പു നഗറിലെ മംഗലം തൊണ്ടി വീട്ടില്‍ മുജീബ് പുതു ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്.

ഫാ.സൈമണ്‍ പീറ്റര്‍ സേവനമനുഷ്ട്ടിക്കുന്ന പള്ളിയോട് ചേര്‍ന്നുള്ള കുഞ്ഞികടയാണ് മുജീബിന്‍റെ ജീവിതമാര്‍ഗ്ഗം. സൈമണച്ചനും ഇടയ്ക്ക് മുജീബിന്‍റെ കടയിലെത്തും. ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടി നിരാശനായ മുജീബിന് അച്ചന്‍ ഒരു വാഗ്ദാനം നല്‍കി- 'തന്‍റെ വൃക്ക പകുത്തു നല്‍കാമെന്ന്'. അച്ചന്റെ വാക്കുകള്‍ മുജീബിന് പുതുജീവിതത്തിലേക്കുള്ള മടക്കയാത്രയുടെ തുടക്കമായിരിന്നു. ഇതിനിടെ മുജീബിന്‍റെ ബന്ധുക്കളും അച്ചനെ കണ്ടു. ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങാനായിരിന്നു അദ്ദേഹം നല്‍കിയ നിര്‍ദേശം. ഒന്നര വര്‍ഷത്തിനിടെ 24 പരിശോധനകള്‍ നടത്തി.

ഫെബ്രുവരി 23 നു എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി പൂര്‍ത്തിയാക്കി. തിരിച്ചു കിട്ടുമോ എന്നു പ്രതീക്ഷയില്ലാതിരിന്ന ഒരാളെ പുതുജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയതിന്റെ സംതൃപ്തിയിലാണ് കല്‍പ്പറ്റ എമിലി ഫാത്തിമ നഗര്‍ നടുവിലപറമ്പില്‍ ജോയി-ഫിലോമിന ദമ്പതികളുടെ മകനായ ഫാ.സൈമണ്‍. ശസ്ത്രക്രിയക്ക് ശേഷം ഇരുവരും വിശ്രമത്തിലാണ്.

സങ്കുചിത ചിന്തകള്‍ക്കപ്പുറം മനുഷ്യസ്നേഹത്തിന് മാതൃകയാകുകയാണ് ഫാ.സൈമണ്‍ പീറ്റര്‍. മുജീബിനെ പുതുജീവിതത്തിലേക്ക് തിരിച്ചു നടത്തിയ നല്ല അയല്‍ക്കാരനായ ഫാ.സൈമണിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് മുജീബിന്‍റെ കുടുംബം.


Related Articles »