India
"ധന്യന്‍ ജോസഫ് വിതയത്തില്‍" വികസന സങ്കല്‍പ്പങ്ങള്‍ക്കൊപ്പം നടന്ന കര്‍മ്മയോഗി
അമൽ സാബു ജോസ് 17-03-2016 - Thursday
വരാപ്പുഴ: ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജോസഫ് വിതയത്തിലച്ചന്‍ ജീവിച്ചിരുന്ന കാലത്ത് നാടിന്‍റെ വികസന സങ്കല്‍പ്പങ്ങള്‍ക്കൊപ്പം നടന്ന പുണ്യചരിതനായിരുന്നുവെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അഭിപ്രായപ്പെട്ടു. പുത്തന്‍പള്ളിയില്‍ വിതയത്തില്‍ ചാരിറ്റിസിന്‍റെ നേതൃത്വത്തില്‍ "ധന്യന്‍ ജോസഫ് വിതയത്തിലച്ചന്‍റെ" അനുസ്മരണത്തിനു വേണ്ടി നടത്തിയ "ധന്യ സ്മൃതി" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിച്ചിരുന്ന കാലത്ത് പുരോഹിതന്‍ എന്ന നിലയിലുള്ള ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നാടിന്‍റെ പുരോഗതി കൂടി അദ്ദേഹം മനസ്സില്‍ കണ്ടിരുന്നു. വനിതാ ശാക്തീകരണ സങ്കല്‍പ്പങ്ങള്‍ക്ക് ശക്തി പകരുന്നതിന് എത്രയോ മുന്‍പ് സ്ത്രീ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തില്‍ വിദ്യാലയങ്ങളും തൊഴില്‍ പരിശീലനകേന്ദ്രങ്ങളും ആരംഭിക്കാന്‍ തിരുകുടുംബ സന്യാസിനി സഭയുടെ സ്ഥാപക മറിയം ത്രേസ്യായോടൊപ്പം അദ്ദേഹം മുന്‍കൈയെടുത്തു. തിരുകുടുംബ സന്യാസിനി സഭയുടെ സഹസ്ഥാപകന്‍, മറിയം ത്രേസ്യായുടെ ആത്മീയ നിയന്താവ്, നാടിന്‍റെ പുരോഗതിക്കും വികസനത്തിനും മുന്നിട്ടിറങ്ങുന്ന, മത-ജാതി ചിന്തയില്ലാതെ പാവപ്പെട്ടവരെ സഹായിക്കുന്ന വെള്ളപ്പൊക്കത്തിലും പകര്‍ച്ചവ്യാധികളിലും മരണപ്പെടുന്നവരെ സംസ്ക്കരിക്കുക, രോഗികള്‍ക്ക് നാടന്‍ മരുന്നുകള്‍ നല്‍കി സഹായിക്കുക തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്‍റെ പ്രത്യേകതകളായിരുന്നു. അദ്ദേഹത്തിന്‍റെ ജന്മനാട്ടില്‍ ഞാന്‍ ജനിച്ചു എന്നതുതന്നെ അനുഗ്രഹദായകമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം - അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അദ്ധ്യക്ഷനായിരുന്നു.
ദിവ്യകാരുണ്യഭക്തിയുടെ ഉപാസകനായിരുന്നു വിതയത്തിലച്ചനെന്നും,റാന്തല്‍ വിളക്കുമായി രാവിന്‍റെ അവസാന യാമങ്ങളില്‍ അള്‍ത്താരയിലെ ദിവ്യകാരുണ്യ സന്നിധിയിലേക്ക് പോകുന്ന വിതയത്തിലച്ചന്‍റെ ചിത്രം നമ്മുടെ മനസ്സിലുണ്ട്. ദിവ്യകാരുണ്യ ഭക്തി ആര്‍ക്കും പ്രചോദനവും ശക്തിദായകവുമാണ്. അച്ചനും, മറിയം ത്രേസ്യായും സ്ഥാപിച്ച തിരുകുടുംബ സന്യാസിനി സഭയ്ക്ക് ദിവ്യകാരുണ്യ ഭക്തിയിലൂടെ ഇനിയും ധന്യരേയും വാഴ്ത്തപ്പെട്ടവരേയും ഉണ്ടാക്കാന്‍ കഴിഞ്ഞാലെ സ്ഥാപകരുടെ ധന്യ ജീവിതത്തിന് അര്‍ത്ഥമുണ്ടാകൂ എന്ന്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോക്ടര്‍ കുര്യാസ് കുമ്പളക്കുഴി ധന്യന്‍ ജോസഫ് വിതയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും ധന്യന്‍ ജോസഫ് വിതയത്തിലും പരസ്പരം ആദ്ധ്യാത്മിക ശക്തി പകര്‍ന്നവരാണ്. ജോസഫ് അച്ചന്‍ ഇല്ലാതിരുന്നുവെങ്കില്‍ മറിയം ത്രേസ്യായുടെ വാഴ്ത്തപ്പെടലോ, മറിയം ത്രേസ്യാ ഇല്ലായിരുന്നുവെങ്കില്‍ ജോസഫ് അച്ചന്‍റെ ധന്യതയോ ഉണ്ടാകുമായിരുന്നില്ല. ഇത്രയധികം ആദ്ധ്യാത്മിക ഉള്‍ക്കാഴ്ചയുണ്ടായിരുന്നോ ഗുരു-ശിഷ്യര്‍ വേറെ ഉണ്ടായിരുന്നോ എന്നു സംശയമാണ്. തിരുക്കുടുംബ സന്യാസിനികള്‍ക്കുള്ള പ്രചോദനദായകമായ സ്മരണകള്‍ ആ സന്യാസിനിസഭക്ക് ശക്തി പകരും.
അഡ്വ. വി.ഡി. സതീശന്‍ എം.എല്‍.എ. സീറോമലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറിയും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോസഫ് വിതയത്തില്‍, തിരുകുടുംബ സന്യാസിനി സഭയുടെ മദര്‍ ജനറല്‍ സി. ഉദയ, സി.എച്.എഫ്. റവ. ഡോക്ടര്‍ ജോര്‍ജ്ജ് നെല്ലിശ്ശേരി, പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്.മുഹമ്മദ് അംഗങ്ങളായ ജോസ്മോന്‍ പുതുശ്ശേരി, ടി.ജെ.ജോമോന്‍, ഇടവക ട്രസ്റ്റി സാജന്‍ ചക്കിയാത്ത്, സി.എം.ഐ. സഭയുടെ വികാര്‍ ജനറല്‍ ഫാദര്‍ വര്‍ഗ്ഗീസ് വിതയത്തില്‍, മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് നേരേവീട്ടില്‍, വിതയത്തില്‍ ചാരിറ്റിസ് പ്രസിഡന്‍റ് ജോസ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുത്തന്‍പള്ളി ദൈവാലയത്തില്‍ നടന്ന അനുസ്മരണ പൊന്തിഫിക്കല്‍ കൃതജ്ഞതാ ബലിയില്‍ മാര്‍ ജേക്കബ് തൂങ്കുഴി മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികനും, മാര്‍ ജോസഫ് പാസ്റ്റര്‍ നീലന്‍കാവില്‍,മാര്‍ മാത്യു വാണിയക്കിഴക്കേല്‍, വിതയത്തില്‍ കുടുംബാംഗങ്ങളായ വൈദികരും സഹകാര്‍മ്മികരായിരുന്നു.
ധന്യന്‍ ജോസഫ് വിതയത്തില്‍ അനുസ്മരണ സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു. ഫാദര്‍ ജോര്‍ജ്ജ് നെല്ലിശ്ശേരി, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഡോ.കുര്യാസ് കുമ്പളക്കുഴി, ജോസ്മോന്‍ പുതുശ്ശേരി, വി.ഡി.സതീശന്‍ എം.എല്‍.എ. കെ.എസ.മുഹമ്മദ്, അഡ്വ. ജോസ് വിതയത്തില്‍ എന്നിവര്‍ സമീപം.
