Faith And Reason - 2025
ക്രിസ്ത്യൻ ആശ്രമത്തിന്റെ സംരക്ഷകനായി നൊവാക് ജോക്കോവിച്ച്
സ്വന്തം ലേഖകൻ 02-04-2019 - Tuesday
നീഷെ, ഫ്രാന്‍സ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് ഫ്രാൻസിലെ റിവിയേറയുടെ കിഴക്കന്‍ ഭാഗത്തുള്ള നീഷെ നഗരത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന് കൈത്താങ്ങാകുന്നു. ഫ്രാന്‍സിലെ ഓര്‍ത്തഡോക്സ് സഭയുടെ ആദ്യ മെത്രാനായിരുന്ന യൂഗ്രാഫ് കൊവാലെവ്സ്കിയുടെ ചുവര്‍ ചിത്രങ്ങളടങ്ങിയിട്ടുള്ള ഡോര്‍മിഷന്‍ ഓര്‍ത്തഡോക്സ് ചാപ്പല്‍ നിലനിര്‍ത്തുവാനുള്ള ദൗത്യത്തില്‍ ജോക്കൊവിച്ചും പങ്കുചേരും.
ചാപ്പലിനു വേണ്ട സാമ്പത്തിക സഹായം നല്‍കുവാനാണ് ജോക്കോവിച്ചിന്റെ പദ്ധതിയെന്നാണ് അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ വിഭാഗം ഫ്രഞ്ച് വാര്‍ത്താപത്രമായ ഫിഗാരോയോട് പറഞ്ഞത്. ഫ്രാന്‍സിലെ സെര്‍ബിയന്‍ സമൂഹം വളരെക്കാലമായി ആരാധനക്കുപയോഗിച്ചു കൊണ്ടിരുന്ന ഈ ചാപ്പല്‍ ഒരു കെട്ടിടത്തിന്റെ ബേസ്മെന്റില്‍ വാടകക്കായിരുന്നു പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. കെട്ടിട ഉടമയുടെ മരണത്തോടെ ചാപ്പലിന്റെ നിലനില്‍പ്പ് ഭീഷണിയിലായിരിക്കുകയാണ്. കെട്ടിടവും, സ്ഥലവും കെട്ടിട ഉടമയുടെ പിന്‍മുറക്കാര്‍ വില്‍ക്കാന്‍ കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീക്ഷണതയുള്ള ക്രൈസ്തവ വിശ്വാസിയായ ജോക്കൊവിച്ചിന്റെ സഹായ വാഗ്ദാനം.
ഇതാദ്യമായല്ല ജോക്കോവിച്ച് ക്രൈസ്തവ സമൂഹത്തിനായി സഹായത്തിനായി മുന്നോട്ട് വരുന്നത്. കൊസോവയിലെ ഒരു ആശ്രമത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ് സഹായിച്ചതിന്റെ പേരില്‍ സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭാ പാത്രിയാര്‍ക്കീസില്‍ നിന്നും സെന്റ് സാവാ സഭയുടെ ആദ്യ ഡിഗ്രീ ലഭിച്ചിട്ടുള്ളയാളാണ് ജോക്കോവിച്ച്. ‘ഇന്ത്യന്‍ വെല്‍ മാസ്റ്റേഴ്സ്’ടൂര്‍ണമെന്റ് വിജയിച്ചപ്പോള്‍ ലഭിച്ച തുകയില്‍ നിന്നും, ഒരു ലക്ഷം യൂറോയാണ് അദ്ദേഹം ഗ്രാക്കാനിക്കയിലെ സെര്‍ബിയന്‍ ആശ്രമത്തിന്റെ പുനരുദ്ധാരണത്തിനായി നല്‍കിയത്.
തന്റെ പിതാവിന്റെ ഗ്രാമമായ മോണ്ടെനെഗ്രോയില്‍ ഒരു ചാപ്പലും, അതോസ് മലയിലെ ഹൈലാന്‍ഡര്‍ ആശ്രമത്തിനും കൊസോവായിലെ ഹോളി ആര്‍ച്ച് ഏഞ്ചല്‍സ് ആശ്രമത്തിനും ജോക്കോവിച്ച് സാമ്പത്തിക സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിൽ ജോക്കൊവിച്ചും മകനും സെര്‍ബിയന്‍ സമൂഹത്തിന്റെ ഒരു കൂട്ടായ്മയോടനുബന്ധിച്ച് നീഷെയിലെ സെര്‍ബിയന്‍ ചാപ്പല്‍ സന്ദര്‍ശിച്ചു മെഴുകുതിരി കത്തിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരുന്നു.
