Seasonal Reflections - 2026
ക്രിസ്തുവിന്റെ ആർദ്രമായ നോട്ടത്തിലേക്ക് തിരിഞ്ഞ് വിശുദ്ധരാകാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 29
സി. റെറ്റി ജോസ് എഫ്‌സിസി/ പ്രവാചകശബ്ദം 16-03-2026 - Monday
"നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും" (മത്തായി 26:21). നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും എന്ന ഈശോയുടെ പ്രവചനത്തിന്റെ പൂർത്തീകരണമാണ് (സങ്കീർത്തനം 41:9). എന്റെ വിശ്വസ്ത സുഹൃത്ത്, ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം ഭക്ഷിച്ചവനുമായവൻ എനിക്കെതിരെ കുതികാൽ ഉയർത്തിയിരിക്കുന്നു.
ഈശോയോടൊപ്പം മൂന്നു വർഷം നടന്നവരിൽ ഒരാൾ തന്നെ ചതിക്കുന്നു എന്നത്, ലൗകിക ലാഭങ്ങൾക്കും താൽക്കാലിക സുഖങ്ങൾക്കും വേണ്ടി ദൈവത്തെ ഉപേക്ഷിക്കാനുള്ള മനുഷ്യന്റെ പ്രവണതയെ, മനുഷ്യ സഹജമായ ബലഹീനതയെ സൂചിപ്പിക്കുന്നു. തിരുവത്താഴ സമയത്ത് ഈ വെളിപ്പെടുത്തൽ ഈശോ നടത്തിയത് യൂദാസിനെ നാണംകെടുത്താനല്ല, മറിച്ച് അവന് മാനസാന്തരപ്പെടാൻ ഒരു അവസാന അവസരം കൂടി നൽകാനാണെന്ന് വിശുദ്ധ ജോൺ ക്രിസോസ്റ്റം (John Chrysostom) പഠിപ്പിക്കുന്നു.
യൂദാസ് ചെയ്ത ഏറ്റവും വലിയ പാപം ഈശോയെ ഒറ്റിക്കൊടുത്തതല്ല, മറിച്ച് ദൈവത്തിന്റെ കാരുണ്യത്തിൽ വിശ്വസിക്കാതെ നിരാശയിൽ (Despair) അഭയം പ്രാപിച്ചതാണ്. പത്രോസും ഈശോയെ തള്ളിപ്പറഞ്ഞു. എന്നാൽ പത്രോസ് ഈശോയുടെ കാരുണ്യത്തിലേക്ക് നോക്കി കരഞ്ഞപ്പോൾ, യൂദാസ് തന്റെ പാപത്തിന്റെ ആഴത്തിലേക്ക് മാത്രം നോക്കി സ്വയം നശിച്ചു. പാപത്തിൽ വീഴുമ്പോൾ യൂദാസിനെപ്പോലെ മുഖം തിരിക്കാതെ, ക്രിസ്തുവിന്റെ ആർദ്രമായ നോട്ടത്തിലേക്ക് തിരിയണം.
നമ്മുടെ അനുദിന ജീവിതത്തിലും ഇതുപോലുള്ള ചെറിയ ഒറ്റിക്കൊടുക്കലുകൾ ഉണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ (Pope Francis) വ്യക്തമാക്കുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റം പറച്ചിൽ, സ്വാർത്ഥത ഇവയെല്ലാം ഈശോയെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്. വലിയ നോമ്പ് എന്നത് "ഞാനാണോ കർത്താവേ?" (മത്തായി 26:22) എന്ന് ഓരോ വിശ്വാസിയും സ്വയം ചോദിക്കേണ്ട സമയമാണ്. ആചാരപരമായ നോമ്പിനേക്കാൾ ഉപരിയായി, ഹൃദയത്തിലെ സ്വാർത്ഥതയും വഞ്ചനയും വെടിഞ്ഞ് ഈശോയോട് വിശ്വസ്തത പുലർത്താൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.
യൂദാസിന്റെ ചരിത്രം നമുക്കൊരു മുന്നറിയിപ്പാണ്. ദൈവത്തോടുള്ള സാമീപ്യം മാത്രം നമ്മെ രക്ഷിക്കില്ല, മറിച്ച് ഹൃദയപൂർവ്വമായ സമർപ്പണവും പാപത്തെക്കുറിച്ചുള്ള ശരിയായ പശ്ചാത്താപവുമാണ് പ്രധാനം.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
















