Seasonal Reflections - 2026

ആയുധങ്ങളല്ല, വിട്ടുകൊടുക്കലുകളാൽ വിജയം നേടാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 41

സി. റെറ്റി ജോസ് എഫ്‌സി‌സി/ പ്രവാചകശബ്ദം 28-03-2026 - Saturday

"വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും" (മത്തായി 26 : 52).

ഗെത്സെമനിയിലെ നിഴലുകൾക്കിടയിൽ പത്രോസ് വാളൂരി തന്റെ ഗുരുവിനെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ, ഈശോ നൽകിയ മറുപടി പുതിയ നിയമത്തിന്റെ അടിത്തറയായ അക്രമരാഹിത്യത്തിന്റെ (Non-violence) പ്രഖ്യാപനമായിരുന്നു. പഴയ നിയമത്തിലെ "കണ്ണിന് പകരം കണ്ണ്" (പുറപ്പാട് 21:24) എന്ന പ്രതികാര നിയമത്തെ ഈശോ ഇവിടെ സ്നേഹത്തിന്റെയും ക്ഷമയുടെയും നിയമമാക്കി മാറ്റുന്നു. അവിടുത്തെ വാക്കിന്റെ അർത്ഥം ഹിംസ കൊണ്ട് ഹിംസയെ തടയാനാവില്ല എന്നതാണ്. നോമ്പുകാലത്ത് നാം ഉപേക്ഷിക്കേണ്ടത് കൈകളിലെ ആയുധങ്ങളെ മാത്രമല്ല, പകരം സഹോദരങ്ങളോടുള്ള നമ്മുടെ ഉള്ളിലെ ശത്രുതയുടെ വാളുകളെ കൂടിയാണ്.

പത്രോസിനെ തിരുത്തിയതിലൂടെ ഈശോ പഠിപ്പിച്ചത് ദൈവീക പദ്ധതികൾ മനുഷ്യന്റെ ശക്തി കൊണ്ടല്ലന്നും, മറിച്ച് ദൈവത്തിലുള്ള വിശ്വാസം കൊണ്ടാണ് നടപ്പിലാകേണ്ടതെന്നും വി. ജോൺ ക്രിസോസ്തം പിതാവ് ഓർമ്മിപ്പിക്കുന്നു. സഭാപിതാവായ വി. ആഗസ്തീനോസ് നിരീക്ഷണത്തിൽ നീതിയല്ലാത്ത രീതിയിൽ വാളെടുക്കുന്നവനാണ് നശിക്കുന്നത്. ക്രിസ്തുവിനെ പിൻപറ്റുന്നവൻ വാളിനു പകരം സ്നേഹത്തിന്റെ ആയുധം ധരിക്കണം എന്ന് ഈ വചനം വ്യക്തമാക്കുന്നു.

ആധുനിക ലോകത്തിൽ ഈ വചനത്തിൻ്റെ അർത്ഥം, യുദ്ധങ്ങൾക്കും പകപോക്കലുകൾക്കും എതിരെയുള്ള ഏറ്റവും വലിയ മരുന്നായി സമാധാനത്തെ കാണണം എന്നു തന്നെയാണ്. അക്രമം ഒരിക്കലും നീതിക്ക് പകരമാവില്ലെന്ന് അറിയാമല്ലോ.

വലിയ നോമ്പ് എന്നത് ആത്മീയമായ ഒരു പോരാട്ടമാണ്. എന്നാൽ ഈ പോരാട്ടം മറ്റുള്ളവർക്കെതിരെയല്ല, മറിച്ച് നമ്മുടെ തന്നെ ഉള്ളിലെ ദുർഗുണങ്ങൾക്കെതിരെയാണ്. 'വാൾ ഉറയിലിടുക' എന്നാൽ കോപം, വിദ്വേഷം, പരദൂഷണം എന്നിവയാകുന്ന വാളുകൾ ഉറയിലിടാൻ ഈ നോമ്പ് നമ്മെ ക്ഷണിക്കുന്നു.

ഈ വിശുദ്ധ സമാധാനത്തിന്റെ സുവിശേഷം പ്രചരിപ്പിക്കാനും, പകയുടെ ആയുധങ്ങൾ ഉപേക്ഷിക്കാനും നമുക്ക് പരിശ്രമിക്കാം. ഈശോയുടെ കുരിശു മരണം ആയുധങ്ങൾക്കൊണ്ടല്ല, മറിച്ച് വിട്ടുകൊടുക്കലിലൂടെയാണ് വിജയം നേടിയതെന്ന് നമുക്ക് ഓർക്കാം.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »