News

യേശുവിന്റെ ജ്ഞാനസ്നാനത്തിനു 2000 വർഷം; ആഘോഷത്തിന് ജോർദാനിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും യോഗം

പ്രവാചകശബ്ദം 12-08-2026 - Wednesday

ജോർദാന്‍: യേശുക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരം വര്‍ഷം തികയുന്ന 2030-ൽ വിപുലമായ ആഘോഷിക്കുന്നതിനായി ജോർദാനില്‍ സർക്കാർ തലത്തിലുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജോർദാനിലെ അൽ - മഗ്താസിൽ നടന്ന യേശുവിന്റെ മാമോദീസയുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ജാഫർ ഹസ്സന്റെ നേതൃത്വത്തിലുള്ള ദേശീയ സമിതിയാണ് ഇതിനായുള്ള പദ്ധതികൾക്ക് രൂപം നൽകുന്നത്. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച ദേശീയ സമിതിയുടെ ആദ്യ യോഗം പ്രധാനമന്ത്രി ജാഫർ ഹസ്സന്റെ അധ്യക്ഷതയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ചേർന്നു. ക്രൈസ്തവ സഭാനേതാക്കളുടെ കൗൺസിൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും ആഘോഷങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കുന്നതിനും യോഗം തീരുമാനിച്ചു.

സമാധാനം, സ്നേഹം, സഹവർത്തിത്വം എന്നിവയുടെ ആഗോള കേന്ദ്രമായി ജോർദാനെ അടയാളപ്പെടുത്തുന്നതിനൊപ്പം ലോകമെമ്പാടുമുള്ള ക്രൈസ്തവ തീർത്ഥാടകരുടെ പ്രധാന ലക്ഷ്യസ്ഥാനമായി രാജ്യത്തെ മാറ്റുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ജ്ഞാനസ്നാനം നടന്ന സ്ഥലത്തിന് സമീപം വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തീർത്ഥാടകർക്കായി ഒരു സംയോജിത തീര്‍ത്ഥാടന ഗ്രാമം, യേശുക്രിസ്തുവിന്റെ സ്നാനത്തെക്കുറിച്ചുള്ള പ്രത്യേക മ്യൂസിയം, പരിസ്ഥിതി സൗഹൃദമായ ഹരിത ഇടനാഴികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്താൻ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനവും ഉറപ്പാക്കിയിട്ടുണ്ട്.

രാഷ്ട്രത്തെ വിവിധ വകുപ്പുകളിലെ മന്ത്രിമാരെ കൂടാതെ ജോർദാനിലെ ഗ്രീക്ക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫോറോസ് അത്തല്ല, ജോർദാനിലെ ലാറ്റിൻ പാത്രിയാർക്കൽ വികാർ ആർച്ച് ബിഷപ്പ് ഡോ. ഇയാദ് ത്വാല്, ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ഹൊസ്സാം നൗം, ഇവാഞ്ചലിക്കൽ നേതാവ് മുനിബ് യൂനാൻ, 'ബാപ്റ്റിസം സൈറ്റ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ' ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്‌സൺ, 'ബാപ്റ്റിസം സൈറ്റ് കമ്മീഷൻ' ഡയറക്ടർ ജനറൽ, ജോർദാൻ ടൂറിസം ബോർഡ് ഡയറക്ടർ ജനറൽ, നദീം അൽ-മൗഷർ, ഒസാമ ഇംസീഹ്, ബാസെം ഫറാജ് എന്നിവരും ജ്ഞാനസ്നാന മഹാജൂബിലിയ്ക്കു വേണ്ടിയുള്ള ദേശീയ സമിതിയിൽ അംഗങ്ങളാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »