News

ഭിന്നശേഷിക്കാരായ കുരുന്നുകൾക്ക് തണലായ കത്തോലിക്ക സന്യാസിനിക്ക് പെൻസിൽവാനിയയുടെ ബഹുമതി

പ്രവാചകശബ്ദം 10-11-2026 - Tuesday

പെൻസിൽവാനിയ: ഭിന്നശേഷിക്കാരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമായ കുരുന്നുകളെ സ്വന്തം മക്കളായി ദത്തെടുത്ത് സംരക്ഷിച്ച സിസ്റ്റേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ മിഷേൽ ബിസ്ബെക്ക് അമേരിക്കയിലെ പെൻസിൽവാനിയ സർക്കാരിന്റെ ആദരം. 'ഡിസ്റ്റിംഗ്വിഷ്ഡ് ഡോട്ടേഴ്സ് ഓഫ് പെൻസിൽവേനിയ' പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട പത്ത് വനിതകളിൽ ഒരാളാണ് സിസ്റ്റർ മിഷേൽ. 1949 മുതൽ വിവിധ മേഖലകളിലെ നിസ്തുലമായ സേവനങ്ങൾക്ക് വനിതകൾക്ക് നൽകിവരുന്ന അംഗീകാരമാണിത്.

1967-ൽ സന്യാസജീവിതം ആരംഭിച്ച സിസ്റ്റർ മിഷേൽ, 1987-ൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് അധ്യാപികയാവുകയും തുടർന്ന് ലാ റോഷ് സർവകലാശാലയിൽ റിലീജ്യസ് സ്റ്റഡീസ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1990-കളിൽ, ഫോസ്റ്റർ രക്ഷിതാക്കളെ (കുട്ടികളെ താൽക്കാലികമായി സംരക്ഷിക്കുന്നവർ) വലിയ തോതിൽ ആവശ്യകതയുണ്ടെന്ന് മനസ്സിലാക്കിയ അവർ, തങ്ങളുടെ സന്യാസ സമൂഹത്തിലെ മറ്റൊരു കന്യാസ്ത്രീയായ സിസ്റ്റർ എലാന അൽമെൻഡാരെസിനൊപ്പം ചേർന്ന് കുട്ടികളെ സംരക്ഷിക്കാൻ തീരുമാനിച്ചു. ലാ റോഷ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പത്ത് വർഷത്തിലേറെയായി അവർ താമസിച്ചിരുന്ന വലിയൊരു വീട് അവരുടെ പക്കലുണ്ടായിരുന്നു. ഈ സ്ഥലം ഉപയോഗപ്പെടുത്തി.



ഒരേസമയം ഒന്നുമുതൽ മൂന്നുവരെ കുട്ടികളെ സംരക്ഷിക്കാൻ അവർ തീരുമാനിച്ചു. 1992 മുതൽ ഇവർ 28 കുട്ടികളെ ഇത്തരത്തിൽ സംരക്ഷിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരും സങ്കീർണ്ണമായ രോഗാവസ്ഥകൾ ഉള്ളവരുമായ കുരുന്നുകളെയാണ് അവർ ഏറെയും നെഞ്ചോട് ചേർത്തത്. ഇവർ വളർത്തിയ കുട്ടികളിൽ ചിലർ പിന്നീട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുകയോ മറ്റ് കുടുംബങ്ങളാൽ ദത്തെടുക്കപ്പെടുകയോ ചെയ്തു. പലരും ഇന്നും സിസ്റ്റർമാരുമായി ആഴമേറിയ ബന്ധം കാത്തുസൂക്ഷിക്കുന്നു.

തലമുറകളായി നിശ്ശബ്ദമായി സേവനം ചെയ്തുവന്ന അനേകം സന്യാസിനിമാരുടെ മാതൃകയാണ് സ്വീകരിച്ചതെന്നും അഗാധമായ കൃതജ്ഞതയോടെ പുരസ്കാരം സ്വീകരിക്കുകയാണെന്നും സിസ്റ്റർ മിഷേൽ പ്രതികരിച്ചു. ദൈവപരിപാലനയിൽ ആശ്രയിക്കാനും പങ്കുവെക്കലിലൂടെ ദൈവാനുഗ്രഹങ്ങൾ ഇരട്ടിയാക്കാനുമാണ് തങ്ങളുടെ സന്യാസ ചൈതന്യം പഠിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ സിസ്റ്റേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സന്യാസിനീ സമൂഹത്തിന്റെ മാരി ഡി ലാ റോഷ് പ്രൊവിൻഷ്യൽ ഡയറക്ടറായും, ലാ റോഷ് സർവകലാശാലാ ബോർഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയർപേഴ്സണായും സേവനം അനുഷ്ഠിച്ചുവരികയാണ് മിഷേൽ ബിസ്ബെക്ക്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »