News
ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഈജിപ്ഷ്യൻ പൗരന് വധശിക്ഷ ഭീഷണി
പ്രവാചകശബ്ദം 09-11-2026 - Monday
കെയ്റോ: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെത്തുടർന്ന് ഈജിപ്ഷ്യൻ അധികൃതർ അറസ്റ്റ് ചെയ്ത സെയ്ദ് മൻസൂർ റിസ്ക് അബ്ദുൽറസാഖ് എന്ന യുവാവ് വധശിക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. അബ്ദുൽറസാഖിന് പരമാവധി ശിക്ഷയായ വധശിക്ഷയോ അല്ലെങ്കിൽ 25 വർഷത്തെ കഠിനതടവോ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ സെയ്ദ് ഫായിസ് വെളിപ്പെടുത്തി. 2025 ജൂലൈയിൽ അറസ്റ്റിലായ ഇദ്ദേഹം നിലവിൽ ഈജിപ്തിലെ 'ടെൻത് ഓഫ് റമദാൻ' ജയിലിലാണ് കഴിയുന്നത്.
ഇസ്ലാം മതത്തെ നിന്ദിച്ചു, പൊതു ക്രമസമാധാനം തകർക്കാൻ ശ്രമിച്ചു, വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു, നിരോധിത ഭീകര സംഘടനയിൽ പ്രവർത്തിച്ചു തുടങ്ങിയ വ്യാജ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് കോപ്റ്റിക് സോളിഡാരിറ്റി എന്ന മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. എന്നാൽ, ഇത്തരമൊരു ഭീകര സംഘടന നിലവിലില്ലെന്നും, ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനാണ് അധികൃതർ ഈ കള്ളക്കേസുകൾ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരും കുടുംബവും ആരോപിക്കുന്നു.
അതേസമയം കസ്റ്റഡിയിൽവെച്ച് അബ്ദുൽറസാഖ് അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ നേരിട്ടതായി അദ്ദേഹത്തിന്റെ പ്രതിശ്രുത വധു സോഫിയ വ്യക്തമാക്കി. കൈയിലെ കുരിശിന്റെ രൂപം ബലമായി മായ്ക്കാൻ ശ്രമിച്ചെന്നും, ചുവരുകളിൽ ബന്ധിച്ച് കുരിശിലേറ്റുന്നതിന് സമാനമായ രീതിയിൽ മണിക്കൂറുകളോളം പീഡിപ്പിച്ചെന്നും അവർ വെളിപ്പെടുത്തി. വീണ്ടും ഇസ്ലാമിലേക്ക് മടങ്ങാനും, ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറിയ മറ്റുള്ളവരെക്കുറിച്ച് വിവരം നൽകുന്ന ഇൻഫോർമറായി പ്രവർത്തിക്കാനും ഇദ്ദേഹത്തിന് മേൽ കടുത്ത സമ്മർദ്ധമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.
മുസ്ലിം കുടുംബത്തിൽ ജനിച്ച അബ്ദുൽറസാഖ് അയൽവാസിയുടെ കടയിൽ തുറന്നുവെച്ചിരുന്ന ഒരു ബൈബിൾ കണ്ടപ്പോഴാണ് ക്രൈസ്തവ വിശ്വാസത്തെ പറ്റി മനസിലാക്കുവാന് ആരംഭിക്കുന്നത്. വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരുന്നു. തുടർന്ന് സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിട്ട ഇദ്ദേഹം മുൻപ് റഷ്യയിലേക്ക് പലായനം ചെയ്തിരുന്നുവെങ്കിലും പിന്നീട് ഈജിപ്തിലേക്ക് തന്നെ തിരിച്ചയക്കപ്പെട്ടു. തുടർന്ന് തന്റെ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ മതം മാറ്റം രേഖപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നാണ് 2025-ൽ വീണ്ടും അറസ്റ്റിലാകുന്നത്. അതേസമയം കേസിൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ സമർപ്പിക്കുന്നതിനായി കേസ് ഡിസംബർ 8-ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate


















