News
ഉറുഗ്വേ സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ അർജന്റീനയില്‍
പ്രവാചകശബ്ദം 09-11-2026 - Monday
ബ്യൂണസ് അയേഴ്സ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ അർജന്റീനയില്‍ അപ്പസ്തോലിക സന്ദര്‍ശനം ആരംഭിച്ചു. ഇന്നലെ ബ്യൂണസ് അയേഴ്സിലെ ജോർജ് ന്യൂബെറി വിമാനത്താവളത്തിൽ എത്തിചേര്‍ന്ന പാപ്പയെ അർജന്റീനയുടെ പ്രസിഡന്റ് ജാവിയർ മിലിയും അദ്ദേഹത്തിന്റെ സഹോദരിയും പ്രസിഡൻഷ്യൽ സെക്രട്ടറിയുമായ കരീന മിലിയും ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കളും സഭാനേതൃത്വവും ചേര്‍ന്നു സ്വീകരിച്ചു. നാല് പതിറ്റാണ്ടിനിടയിൽ അർജന്റീനയില്‍ നടക്കുന്ന ആദ്യ പേപ്പല്‍ സന്ദര്‍ശനമാണിത്.
ഡൊമിംഗോ ഫൗസ്റ്റിനോ സർമിയന്റോ കൾച്ചറൽ സെന്ററിലെ ലിബർട്ടാഡ് കൊട്ടാരത്തില്‍ എത്തിചേര്ന്നപ്പോഴും പാപ്പയ്ക്കു വലിയ സ്വീകരണമാണ് നല്‍കിയത്. ജനിക്കാനിരിക്കുന്ന കുരുന്നുകള്‍ക്കു ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും രാജ്യത്തിന്റെ തീരുമാനങ്ങളിൽ അവര്‍ക്ക് ഇടമുണ്ടാകണമെന്നും പാപ്പ, അർജന്റീനയിലെ രാഷ്ട്രീയ നേതാക്കളോടും നയതന്ത്രജ്ഞരോടും പറഞ്ഞു. നമ്മുടെ തീരുമാനങ്ങൾ എടുക്കുമ്പോൾ, ജനിക്കാനിരിക്കുന്ന കുട്ടികൾക്ക് എവിടെയാണ് സ്ഥാനം? നമ്മുടെ കുട്ടികൾക്കായി എങ്ങനെയുള്ള ലോകമാണ് നമ്മൾ അവശേഷിപ്പിക്കാൻ പോകുന്നതെന്ന് സ്വയം ചോദിക്കുന്നതിന് മുൻപ്, അവരുടെ അന്തസ്സ് നാം തിരിച്ചറിയേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു.
ഭാവി തലമുറകളോടുള്ള നമ്മുടെ ഉത്തരവാദിത്തം ആരംഭിക്കുന്നത്, ജീവനെ അതിന്റെ ആദ്യ നിമിഷം മുതൽ സ്വീകരിക്കുന്നതിലൂടെയും, സ്വാഭാവികമായ അന്ത്യം വരെ അതിനെ സംരക്ഷിക്കുന്നതിലൂടെയുമാണെന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ 'ഇവാഞ്ചെലിയം വിറ്റേ' (Evangelium Vitae) എന്ന ചാക്രികലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു. 11 വരെ നീളുന്നതാണ് പാപ്പയുടെ അർജന്റീനയിലെ അപ്പസ്തോലിക സന്ദര്‍ശനം. ബ്യൂണസ് അയേഴ്സ്, കോർഡോബ, രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ 'ഔർ ലേഡി ഓഫ് ലുജാൻ' മരിയൻ തീർത്ഥാടന കേന്ദ്രം എന്നിവ ഈ ദിവസങ്ങളില്‍ പാപ്പ സന്ദർശിക്കും.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate


















