റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽനിന്ന് വിശുദ്ധഗ്രന്ഥശാസ്ത്രത്തിൽ ലൈസൻഷ്യേറ്റ് നേടിയ റവ. ഡോ. സാജു പിണക്കാട്ട് 2008-ലാണ് യു.കെ.യിലെത്തിയത്. അജപാലന ശുശ്രൂഷകൾക്കൊപ്പം ലണ്ടനിലെ ഹെയ്ത്രോപ് കോളേജിൽനിന്ന് ബൈബിൾ പഠനത്തിൽ ഡോക്ടറേറ്റും നേടി. 2014 മുതൽ 2021 വരെ വോണർഷിലെ സെന്റ് ജോൺസ് സെമിനാരിയിൽ വിശുദ്ധഗ്രന്ഥശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചു.
യു.കെ.യിലെ സീറോ മലബാർ വിശ്വാസികളുടെ അജപാലന, ആത്മീയ, മതബോധന ശുശ്രൂഷകളിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമാകുന്നതിനു മുമ്പുതന്നെ ഈ മേഖലയിലെ ശുശ്രൂഷകളിൽ സജീവമായിരുന്ന അദ്ദേഹം 2018 മുതൽ 2024 വരെ സീറോ മലബാർ മിഷൻ ഡയറക്ടറായും പ്രവർത്തിച്ചു. കപ്പുച്ചിൻ സന്യാസസമൂഹാംഗമായിരുന്ന റവ. ഡോ. സാജു പിണക്കാട്ട് തലശ്ശേരി അതിരൂപതയിലെ കുടിയാൻമല ഫാത്തിമ മാതാ ഇടവകാംഗവും തോമസ് പിണക്കാട്ടിന്റെയും പരേതയായ മേരി അറക്കപ്പറമ്പിലിന്റെയും മകനാണ്.
News
ഫാ. ഡോ. സാജു പിണക്കാട്ട് സൗത്ത്വർക്ക് അതിരൂപതയുടെ ചാപ്റ്റർ കാനൻ
പ്രവാചകശബ്ദം 09-11-2026 - Monday
ലണ്ടൻ: ബ്രിട്ടനിലെ സൗത്ത്വർക്ക് കത്തോലിക്കാ അതിരൂപത വൈദികനായ ഫാ. ഡോ. സാജു പിണക്കാട്ട് ചാപ്റ്റർ കാനനായി (മോൺസിഞ്ഞോറിന് തുല്യ പദവി) നിയമിതനായി. അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ജോൺ വിൽസണാണ് നിയമനം നടത്തിയത്. സീറോ മലബാർ സഭയ്ക്കും യു.കെ.യിലെ മലയാളി കത്തോലിക്കാ വിശ്വാസിസമൂഹത്തിനും അഭിമാനകരമായ നേട്ടമാണ് അദ്ദേഹത്തിന് ലഭിച്ച ഈ നിയമനം.
ബ്രോംലിയിലെ സെന്റ് ജോസഫ് ആൻഡ് സെന്റ് സ്വിതുൻ ഇടവക വികാരിയും ബ്രോംലി ഫൊറോനയുടെ ഡീനുമാണ് ഫാ. ഡോ. സാജു പിണക്കാട്ട്. അതിരൂപതയിലെ വൈദികർ, സമർപ്പിതർ, വിശ്വാസികൾ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നവംബർ 6ന് ആർച്ച്ബിഷപ്പ് ജോൺ വിൽസൺ അദ്ദേഹത്തെ ഔദ്യോഗികമായി ചാപ്റ്റർ കാനനായി സ്ഥാനാരോഹണം ചെയ്തു.
ബിഷപ്പ് പോൾ ഹെൻഡ്രിക്സ്, ബിഷപ്പ് ജെറാർഡ് ബ്രാഡ്ലി, കാനൻ വിക്ടർ, കത്തീഡ്രൽ ഡീൻ മൈക്കിൾ ബ്രാഞ്ച്, പ്രോവോസ്റ്റ് കാനൻ ജിം ക്രോണിൻ എന്നിവർ സഹകാർമികരായി. അതിരൂപതയുടെ ആത്മീയവും ആരാധനാക്രമപരവും അജപാലനപരവുമായ ദൗത്യങ്ങളിൽ ആർച്ച്ബിഷപ്പിനെ സഹായിക്കുന്ന സമിതിയിലെ അംഗമാണ് ചാപ്റ്റർ കാനൻ. അതിരൂപതയുടെ പ്രധാന ആരാധനാഘോഷങ്ങളിൽ പങ്കുചേരുക, സഭാനേതൃത്വത്തിന് ആവശ്യമായ ഉപദേശങ്ങളും പിന്തുണയും നൽകുക, വൈദികരും അൽമായരും തമ്മിലുള്ള ഐക്യം വളർത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഈ പദവിയുടെ ഭാഗമാണ്. ഇടവക ശുശ്രൂഷകൾ തുടർന്നുകൊണ്ടുതന്നെയാണ് അദ്ദേഹം പുതിയ ഉത്തരവാദിത്വവും നിർവഹിക്കുക.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















