News

ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന് ആരംഭം; ഉറുഗ്വേയില്‍ പാപ്പയ്ക്കു ആവേശകരമായ സ്വീകരണം

പ്രവാചകശബ്ദം 07-11-2026 - Saturday

മോണ്ടെവീഡിയോ: തെക്കേ അമേരിക്കയിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ഭാഗമായി ലെയോ പാപ്പ പര്യടനത്തിലെ ആദ്യ രാജ്യമായ ഉറുഗ്വേയിലെത്തി. 38 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു പാപ്പ ഉറുഗ്വേയിൽ കാലുകുത്തിയത്. ഇന്നലെ നവംബർ 6 വെള്ളിയാഴ്ച ഉറുഗ്വേയിലെത്തിയ പാപ്പയ്ക്കു ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലുള്ള കാരാസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാപ്പയെ ഭരണാധികാരികളും സഭാനേതൃത്വവും ചേര്‍ന്ന് സ്വീകരിച്ചു. ഉറുഗ്വേയുടെ ഭാവി കെട്ടിപ്പടുക്കുന്നതിൽ പൊതുനന്മ, മനുഷ്യന്റെ അന്തസ്സ്, കുടുംബമൂല്യങ്ങൾ, പരസ്പര സഹകരണം എന്നിവയ്ക്ക് നിർണായക സ്ഥാനമുണ്ടെന്ന് പാപ്പ രാജ്യത്തു നടത്തിയ ആദ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

ഉറുഗ്വേ സന്ദർശിക്കാൻ തനിക്ക് ലഭിച്ച ക്ഷണത്തിനും, രാജ്യത്തിന്റെ പ്രസിഡന്റിന്റെ നല്ല വാക്കുകൾക്കും പാപ്പ പ്രത്യേകം നന്ദി പറഞ്ഞു. ഇൻഡിപെൻഡൻസ് ചത്വരത്തിൽ നടന്ന സുദീർഘമായ തന്റെ പ്രഭാഷണത്തിൽ, ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിലെ ദുർബല വിഭാഗങ്ങളെയും ഭാവിതലമുറയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പ പ്രത്യേകം സൂചിപ്പിച്ചു.

അധികാരം ജനങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്, ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ് ഭരണാധികാരികളുടെ കടമ. പൗരന്മാരുടെ സ്വാതന്ത്ര്യം മാനിച്ചും, ഉത്തരവാദിത്വങ്ങൾ കൃത്യമായി പാലിക്കാൻ സഹായിച്ചുകൊണ്ടും പൊതുനന്മയ്ക്കായി അധികാരം വിനിയോഗിക്കണമെന്ന് രാഷ്ട്രീയനേതൃത്വത്തിന് മുൻപിൽ ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. പാപ്പയുടെ ഉറുഗ്വേ സന്ദര്‍ശനം ഇന്നും തുടരും. നാളെ നവംബർ 8നു യാത്ര തിരിക്കുന്ന പാപ്പ 11 വരെ അർജന്റീനയില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തും. യാത്രയുടെ അവസാന ഘട്ടം നവംബർ 11 മുതൽ 17 വരെ പെറുവിലാണ് നടക്കുക.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »