News
ക്രൈസ്തവ വിശ്വാസിക്ക് മരണം ജീവിതത്തിന്റെ അവസാനമല്ല: മരണമടഞ്ഞ മെത്രാന്മാര്ക്ക് വേണ്ടി ബലിയര്‍പ്പിച്ച് പാപ്പ
പ്രവാചകശബ്ദം 06-11-2026 - Friday
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വർഷം മരണമടഞ്ഞ കർദ്ദിനാളുമാർക്കും മെത്രാന്മാർക്കുമായി ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ ബലിയർപ്പിച്ചു. ഇന്നലെ നവംബർ 5 വ്യാഴാഴ്ച രാവിലെ 9 മണിയ്ക്കായിരിന്നു ബലിയര്‍പ്പണം. മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയ്ക്ക് കത്തോലിക്ക സഭയിലുള്ള പ്രാധാന്യവും, വിശ്വാസജീവിതത്തെ സംബന്ധിച്ചിടത്തോളം അതിനുള്ള അർത്ഥവും പാപ്പ വിശുദ്ധ കുര്‍ബാനയ്ക്കിടെ ഓര്‍മ്മിപ്പിച്ചു.
മരണം ജീവിതത്തിന്റെ അന്ത്യമല്ലെന്നും ക്രിസ്തുവിന്റെ ഉയിർപ്പ് വഴിയായി മനുഷ്യജീവിതം വീണ്ടെടുക്കപ്പെട്ടതാണെന്നുമുള്ള ബോധ്യവും വിശ്വാസവുമാണ് മരണമടഞ്ഞവർക്കുവേണ്ടിയുള്ള പ്രാർത്ഥനയിലൂടെ നാം പ്രഘോഷിക്കുന്നത്. വിശുദ്ധ മോനിക്ക, തന്റെ മക്കളായ വിശുദ്ധ അഗസ്റ്റിനോടും നവീജിയൂസിനോടും വിട പറയുന്ന അവസരത്തിൽ, അവർ എവിടെയാണെങ്കിലും കർത്താവിന്റെ അൾത്താരയിൽ തന്നെ അനുസ്മരിക്കണമെന്ന് പറഞ്ഞത് പാപ്പ പരാമർശിച്ചു. മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്നത് സഭയുടെ അടിസ്ഥാനപരമായ കടമകളിലൊന്നാണെന്നും, ഉത്ഥിതനിലുള്ള വിശ്വാസവും പ്രത്യാശയുമാണ് ഇത്തരം പ്രാർത്ഥനകളുടെ അടിത്തറയെന്നും ഉദ്ബോധിപ്പിച്ചു.
മരണത്തിലൂടെ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ എന്നന്നേക്കുമായി അവസാനിക്കുന്നില്ല. ക്രിസ്തുവിൽ അവ പുതിയൊരു ആത്മീയ തലത്തിലേക്ക് രൂപാന്തരപ്പെടുകയാണെന്നും പാപ്പ പറഞ്ഞു. 2025 ഒക്ടോബർ മാസം മുതൽ 2026 ഒക്ടോബർ മാസം വരെ ആഗോള തലത്തില്‍ ഏഴ് കർദ്ദിനാളുമാരും 136 മെത്രാന്മാരുമാണ് അന്തരിച്ചത്. ഇവരുടെ അനുസ്മരണാര്‍ത്ഥമാണ് ആത്മശാന്തിയ്ക്കായി പാപ്പയുടെ കാര്‍മ്മികത്വത്തില്‍ ബലിയര്‍പ്പണം നടന്നത്. ദിവ്യബലിക്ക് ശേഷം വിശുദ്ധ പൗലോസ് ആറാമൻ, പിയൂസ് പന്ത്രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ എന്നിവരുൾപ്പെടെ, മുൻപ് മാര്പാപ്പമാരായിരുന്നവരെ അടക്കം ചെയ്തിരിക്കുന്ന സെൻ്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് താഴെയുള്ള വത്തിക്കാൻ കല്ലറ പാപ്പ സന്ദര്‍ശിച്ചിരിന്നു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate


















