News - 2026
സകല മരിച്ചവരുടെയും തിരുനാൾ ദിനത്തില്‍ വെറാനോ സെമിത്തേരിയിൽ പാപ്പ ബലിയർപ്പിക്കും
പ്രവാചകശബ്ദം 29-10-2026 - Thursday
വത്തിക്കാന്‍ സിറ്റി: സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്ന നവംബർ രണ്ടാം തീയതി വൈകുന്നേരം നാലുമണിക്ക് ലെയോ പതിനാലാമൻ പാപ്പ റോമിലെ ഏറ്റവും പഴക്കമുള്ള വെറാനോ സെമിത്തേരിയിൽ വിശുദ്ധ ബലി അർപ്പിക്കും. വിശുദ്ധ ബലിയിൽ റോമിലേക്കുള്ള പാപ്പയുടെ വികാരി കർദ്ദിനാൾ ബൽദസ്സാരെ റെയ്ന, ബിഷപ് തരന്തെല്ലി ബക്കാരി എന്നിവർ സഹകാർമ്മികരാകും. വിശുദ്ധബലി അർപ്പണത്തിന് മുൻപായി പരിശുദ്ധ പിതാവ് ഒരു കല്ലറയ്ക്കരികിലെത്തി പ്രാർത്ഥിക്കുമെന്നും, പൂക്കൾ സമർപ്പിക്കുമെന്നും വികാരിയേറ്റ് വ്യക്തമാക്കി.
സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്ന് ഞായറാഴ്ച, സകല മരിച്ചവർക്കും വേണ്ടി റോമിലെ വിവിധ സെമിത്തേരികളിൽ വിശുദ്ധബലിയർപ്പണങ്ങൾ നടക്കുമെന്ന് രൂപതയും അറിയിച്ചിട്ടുണ്ട്. പ്രീമ പോർത്ത എന്ന പേരിൽ അറിയപ്പെടുന്ന ഫ്ളമീനോ സെമിത്തേരിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വൈകുന്നേരം മൂന്നരയ്ക്ക് വിശുദ്ധ ബലിയർപ്പണമുണ്ടാകും. നവംബർ മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ, മരണമടഞ്ഞ വിശ്വാസികൾക്കായി സഭ നടത്തുന്ന പരമ്പരാഗത അനുസ്മരണങ്ങളുടെ ഭാഗമായിരിക്കും പാപ്പയുടെ നേതൃത്വത്തിലുള്ള തിരുക്കര്‍മ്മങ്ങള്‍.
വെറാനോ സെമിത്തേരിയിൽ നടക്കുന്ന ചടങ്ങിന് ഒരു പാപ്പ കാര്‍മ്മികനാകുന്നത് ഇതാദ്യമല്ല. 2013, 2014, 2015 വർഷങ്ങളിൽ ഫ്രാൻസിസ് പാപ്പ ഇവിടെ മരിച്ച വിശ്വാസികളുടെ അനുസ്മരണ ദിനത്തിന്റെ ഭാഗമായി വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹം മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളാണ് തിരഞ്ഞെടുത്തത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️
















