News

വീടും നാടും ഉപേക്ഷിച്ച് ക്രൈസ്തവർ; ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം രൂക്ഷമെന്ന് പുതിയ റിപ്പോർട്ട്

പ്രവാചകശബ്ദം 28-10-2026 - Wednesday

ലണ്ടൻ: പരിശോധനയ്ക്ക് വിധേയമാക്കിയ രാജ്യങ്ങളിൽ 55 ശതമാനത്തിലും ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം രൂക്ഷമായിട്ടുണ്ടെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ 'എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്' (ACN) യുകെയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 18 രാജ്യങ്ങളിൽ സംഘർഷങ്ങൾ, തീവ്രവാദം, മതപരമായ അക്രമങ്ങൾ എന്നിവ മൂലം ക്രൈസ്തവര്‍ക്ക് തങ്ങളുടെ വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് 'പെർസെക്യൂട്ടഡ് ആൻഡ് ഫോർഗോട്ടൻ?' (Persecuted and Forgotten?) എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടില്‍ വിശദീകരിക്കുന്നു.

2024 ഓഗസ്റ്റ് മുതൽ 2026 ജൂൺ വരെയുള്ള കാലയളവിലെ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 220 ദശലക്ഷം ക്രിസ്ത്യാനികൾ നേരിട്ട് പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് 'പ്യൂ റിസർച്ച് സെന്റർ' കണക്കുകളെ ഉദ്ധരിച്ച് എ‌സി‌എന്‍ ചൂണ്ടിക്കാട്ടി. 2023-ൽ 165 രാജ്യങ്ങളിൽ ക്രൈസ്തവര്‍ക്ക് നേരെ അധിക്ഷേപങ്ങൾ മുതൽ കൊലപാതകങ്ങൾ വരെയുള്ള അതിക്രമങ്ങൾ നടന്നിട്ടുണ്ട്. 2021-ൽ ഇത് 160 രാജ്യങ്ങളിലായിരുന്നു. നൈജീരിയ, ബുർക്കിന ഫാസോ, മാലി, നൈജർ എന്നീ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം രൂക്ഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നമ്മളും പീഡനം അനുഭവിക്കുന്നവരും ഒരേ വിശ്വാസം പിന്തുടരുന്നുവെങ്കിലും അവരുടെ സങ്കടം സ്വന്തം കുടുംബത്തിലെ ഒരാളുടെ വേദന പോലെയാണ് അനുഭവപ്പെടുന്നതെന്ന് ലണ്ടനിലെ പോർട്ട്‌കുള്ളിസ് ഹൗസിൽ നടന്ന റിപ്പോർട്ട് പ്രകാശന ചടങ്ങിൽ എ‌സി‌എന്‍ യുകെ പ്രസ് വിഭാഗം മേധാവി ജോൺ പോണ്ടിഫെക്സ് പറഞ്ഞു. അവർ പീഡനം അനുഭവിക്കുന്നതും നമ്മള്‍ സ്വതന്ത്രമായി ജീവിക്കുന്നതും വെറും ഭാഗ്യം കൊണ്ടുമാത്രമാണ്. നമ്മൾ ജനിച്ച രാജ്യം മാറിയതുകൊണ്ട് സംഭവിച്ച വ്യത്യാസം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീഡിത ക്രൈസ്തവര്‍ക്ക് ഇടയില്‍ വലിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »