News

ഇറ്റാലിയന്‍ കർദ്ദിനാൾ പാവോളോ റോമിയോ ദിവംഗതനായി

പ്രവാചകശബ്ദം 27-10-2026 - Tuesday

സിസിലി: ഇറ്റലിയുടെ ഭാഗമായ സ്വയംഭരണാധികാരമുള്ള പ്രദേശമായ സിസിലിയുടെയും പലേർമോ മെട്രോപോളിറ്റൻ ഏരിയയുടെയും തലസ്ഥാനമായ പലേർമോ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സേവനം ചെയ്ത കർദ്ദിനാൾ പാവോളോ റോമിയോ ദിവംഗതനായി. ഒക്ടോബർ 25-ന് സിസിലിയിലെ കറ്റാനിയയിൽ വെച്ച്, 88-ാം വയസ്സിലാണ് അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായത്. ഹെയ്തി, കൊളംബിയ, കാനഡ, ഇറ്റലി, സാൻ മറിനോ റിപ്പബ്ലിക് എന്നിവിടങ്ങളിൽ അപ്പസ്തോലിക പ്രതിനിധിയായി ദീര്‍ഘകാലം സേവനം ചെയ്ത വ്യക്തിയായിരിന്നു അദ്ദേഹം.

1938 ഫെബ്രുവരി 20-ന് സിസിലിയിലെ അസിറിയാലെയിലാണ് റോമിയോ ജനിച്ചത്. റോമിൽ ദൈവശാസ്ത്രവും കാനൻ നിയമവും പഠിച്ച ശേഷം, 1961 മാർച്ച് 18-ന് അസിറിയാലെയിൽവെച്ച് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് 'പൊന്തിഫിക്കൽ എക്ലീസിയാസ്റ്റിക്കൽ അക്കാദമി'യിൽ പഠനം പൂർത്തി. 1967-ൽ വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ സേവനം ആരംഭിച്ചു. ഫിലിപ്പീൻസ്, ബെൽജിയം, ലക്സംബർഗ്, യൂറോപ്യൻ കമ്മ്യൂണിറ്റികൾ, വെനിസ്വേല, റുവാണ്ട, ബുറുണ്ടി എന്നിവിടങ്ങളിലെ വത്തിക്കാൻ പ്രതിനിധി കാര്യാലയങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2006 ഡിസംബർ 19-ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് അദ്ദേഹത്തെ പലേർമോയിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായി നിയമിച്ചത്. 2010 നവംബർ 20-ന് ചേർന്ന കൺസിസ്റ്ററിയിൽ, അദ്ദേഹത്തെ കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 2013-ല്‍ ഫ്രാൻസിസ് പാപ്പയെ തിരഞ്ഞെടുത്ത കോൺക്ലേവിൽ അദ്ദേഹം പങ്കെടുത്തിരിന്നു. ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ പാവോളോ റോമിയോയുടെ വിയോഗത്തിൽ ലെയോ പാപ്പ അനുശോചനം അറിയിച്ചു. സുവിശേഷത്തിനും സഭയ്ക്കും ഉദാരമായി സേവനം ചെയ്ത വ്യക്തിയെന്നാണ് കര്‍ദ്ദിനാളിനെ പാപ്പ അനുസ്മരിച്ചത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »