News

വെനിസ്വേലയ്ക്ക് അഞ്ചു ലക്ഷം യൂറോയുടെ സഹായമെത്തിച്ച് ഇറ്റാലിയന്‍ കത്തോലിക്ക സഭ

പ്രവാചകശബ്ദം 27-06-2026 - Saturday

റോം/ കാരക്കാസ്: വെനിസ്വേലയിൽ കനത്ത നാശ നഷ്ടം വിതച്ച ഭൂകമ്പത്തില്‍ സഹായഹസ്തവുമായി ഇറ്റാലിയന്‍ കത്തോലിക്ക സഭ. കനത്ത ഭൂകമ്പങ്ങൾ മൂലം ഇരുനൂറ്റിഅന്‍പതില്‍ അധികം പേര്‍ മരണമടയുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തില്‍ അടിയന്തര സഹായമെന്ന നിലയില്‍ അര മില്യണ്‍ യൂറോയുടെ സഹായമാണ് ഇറ്റലിയിലെ മെത്രാൻസമിതി ലഭ്യമാക്കിയിരിക്കുന്നത്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം യൂറോ നൽകിയ സഭാനേതൃത്വം, ദുരിതമനുഭവിക്കുന്ന ആളുകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും പ്രാർത്ഥനകളും ഐക്യദാർഢ്യവും വാഗ്ദാനം ചെയ്തു.

രാജ്യത്തെ ജനത്തോടുള്ള സാമീപ്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഭാഗമായാണ് സഹായം ലഭ്യമാക്കിയിരിക്കുന്നത്. ഇറ്റലിയിലെ മെത്രാൻ സമിതി അദ്ധ്യക്ഷനും ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷനുമായ കർദ്ദിനാൾ മത്തെയോ സൂപ്പി, വെനിസ്വേലയിലെ മെത്രാൻ സമിതി അദ്ധ്യക്ഷനും, വലൻസിയ അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ഹേസൂസ് അന്തോണി ഗൊൺസാലസ് ദേ സാരത്തെ സാലാസിനു സന്ദേശവും അയച്ചിട്ടുണ്ട്. രാജ്യത്തെ സഭയ്ക്കും, ഇടവകസമൂഹങ്ങൾക്കും സേവനമനുഷ്ഠിക്കുന്ന സമർപ്പിതർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും രാജ്യത്തു നിന്നുള്ള വാർത്തകൾ തങ്ങൾ വേദനയോടും ദുഃഖത്തോടും കൂടിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം സന്ദേശത്തില്‍ കുറിച്ചു.

ദുരിതമനുഭവിക്കുന്ന സാധാരണജനത്തിന് സഹായസഹകരണങ്ങൾ ഉറപ്പാക്കുന്ന എല്ലാ മേലധികാരികൾക്കും, ആരോഗ്യപ്രവർത്തകർക്കും സന്നദ്ധസേവകർക്കും ക്രൈസ്തവസമൂഹത്തിനും തങ്ങളുടെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു. നിലവിലെ അടിയന്തിരാവസ്ഥയെ അഭിമുഖീകരിക്കുന്നതിനുള്ള ആദ്യ ഗഡുവായാണ്, അഞ്ചു ലക്ഷം യൂറോ ( ഏകദേശം അഞ്ചുകോടിയോളം രൂപ) കൈമാറിയിരിക്കുന്നത്. രാജ്യത്ത് നടന്നുവരുന്ന അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി, ഇറ്റലിയിലെ കാരിത്താസ് സംഘടനയുടെ കീഴിൽ ഇത് ഉപയോഗിക്കും. പാവപ്പെട്ടവരും, ഭവനരഹിതരായി കഴിയുന്നവരും പാർശ്വവതരിക്കപ്പെട്ടവരുമായ മനുഷ്യർക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ടാകും പ്രവർത്തനങ്ങൾ നടക്കുകയെന്ന് കാരിത്താസ് വിശദീകരിച്ചു. ജൂൺ 24 ബുധനാഴ്ച വൈകുന്നേരമാണ് രാജ്യത്തു ഇരട്ട ഭൂകമ്പമുണ്ടായത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »