News - 2026

വെനിസ്വേലയിലെ ദുരിതബാധിതര്‍ക്ക് ഒരു കോടി രൂപയുടെ സഹായവുമായി ലെയോ പാപ്പ

പ്രവാചകശബ്ദം 28-06-2026 - Sunday

വത്തിക്കാന്‍ സിറ്റി/ കാരക്കാസ്: വെനിസ്വേലയിലെ ഭൂകമ്പങ്ങൾ മൂലം സര്‍വ്വതും നഷ്ട്ടമായ ജനത്തിന് സഹായവുമായി ലെയോ പാപ്പ. പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം വത്തിക്കാന്റെ കാരുണ്യസേവന വിഭാഗത്തിലൂടെ ദുരിതബാധിതരുടെ ക്ഷേമത്തിനായി ഒരു ലക്ഷം യൂറോ (ഏകദേശം പത്തു മില്യണ്‍ രൂപ)യാണ് കൈമാറിയിരിക്കുന്നത്. ഭൂകമ്പമുണ്ടായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആദ്യ ഗഡുവായി തുക നല്‍കിയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. നേരത്തെ ഇറ്റാലിയന്‍ കത്തോലിക്ക മെത്രാന്‍ സമിതി വെനിസ്വേലയ്ക്ക് അഞ്ചു ലക്ഷം യൂറോയുടെ സഹായം ലഭ്യമാക്കിയിരിന്നു. ദുരിത ബാധിത മേഖലയില്‍ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്തുണ്ട്.

ജൂൺ 24 ബുധനാഴ്ച വൈകുന്നേരമാണ് വെനിസ്വേലയുടെ തലസ്ഥാനത്തിന് വടക്കുള്ള ഗ്വയിര സംസ്ഥാനത്ത്, റിക്ടർ സ്കെയിലിൽ 7.2, 7.5 രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളുണ്ടായത്. നിലവിലെ കണക്കുകൾ പ്രകാരം ആയിരത്തിലധികം പേരാണ് മരണമടഞ്ഞിരിക്കുന്നത്. ദിനം പ്രതി മരണസംഖ്യ ഉയരുകയാണ്. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. മരണമടഞ്ഞ ആളുകളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഏതാണ്ട് അൻപതിനായിരത്തോളം ആളുകൾ ഭവനരഹിതരായി. ഭവനരഹിതരായ ആളുകൾക്കുവേണ്ടി രാജ്യത്തുടനീളം ഇടവകകള്‍ സംയുക്തമായി പ്രവര്‍ത്തനം നടത്തി വരുന്നുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »