News
വെനിസ്വേലയില്‍ 14,700 ടൺ അവശ്യ വസ്തുക്കളുടെ സഹായമെത്തിച്ച് കത്തോലിക്ക സന്നദ്ധ സംഘടന
പ്രവാചകശബ്ദം 10-07-2026 - Friday
കാരക്കാസ്: ജൂൺ മാസത്തില്‍ വന്‍ നാശം വിതച്ച ഇരട്ട ഭൂകമ്പങ്ങളുണ്ടായ വെനിസ്വേലയില്‍ 14,700 ടൺ അവശ്യ വസ്തുക്കളുടെ സഹായമെത്തിച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന് സര്‍വ്വതും നഷ്ട്ടമായ ജനത്തിന് വലിയ സാന്ത്വനവുമായാണ് കത്തോലിക്ക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. 9,000 ടണ്ണിന്റെ സഹായം ഇതിനോടകം ദുരിതബാധിതര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ അടുത്ത ഘട്ടത്തില്‍ തുടര്‍ സഹായം ലഭ്യമാക്കും.
കാരിത്താസ് വെനിസ്വേല പുറത്തിറക്കിയ ആദ്യ ഔദ്യോഗിക ബുള്ളറ്റിൻ പ്രകാരം കാരക്കാസിലും ലാ ഗ്വൈറയിലുടനീളമുള്ള 26 കേന്ദ്രങ്ങളിലൂടെ 73,356 യൂണിറ്റ് മരുന്നുകളും 8,000 സമഗ്ര ദുരിതാശ്വാസ കിറ്റുകളും 5,000 ഭക്ഷണ കിറ്റുകളും, 3,000 ശുചിത്വ കിറ്റുകളും ലഭ്യമാക്കിയിരിന്നു. ജൂണ്‍ 24നു മൂവായിരത്തിഎണ്ണൂറിലധികം പേരുടെ ജീവൻ അപഹരിച്ച ദുരന്തം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ, മധ്യ-പടിഞ്ഞാറൻ വെനസ്വേലയിലെ ജനങ്ങളെ സഹായിക്കുന്നതിനായി കാരിത്താസ് വെനസ്വേല രൂപതാ- ഇടവക ശൃംഖലകളെ സജ്ജമാക്കിയിരിന്നു.
4,031 ടൺ ശുദ്ധജലമാണ് പ്രദേശത്ത് ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയത്. തൊട്ടുപിന്നാലെ 3,247 ടൺ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. എണ്ണായിരത്തിലധികം കുടുംബങ്ങൾക്ക് സമഗ്ര സഹായം എന്ന നിലയില്‍ വിവിധ കിറ്റുകളും ലഭ്യമാക്കി. ആകെ മൊത്തത്തിൽ, ഏകദേശം 7,30,000 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. സംഘടനയുടെ 3,360 രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകരിൽ ശരാശരി 280 പേർ ദിവസവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ട്. പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം വത്തിക്കാന്റെ കാരുണ്യസേവന വിഭാഗം, പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്നീ വിവിധ കത്തോലിക്ക സംഘടനകളുടെ സഹായവും മേഖലയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















