News - 2026
പശ്ചിമ ബംഗാളിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ആരാധനാലയം തകര്‍ത്ത് തീവ്രഹിന്ദുത്വവാദികള്‍
പ്രവാചകശബ്ദം 10-07-2026 - Friday
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയത്തിന് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം. കൊൽക്കത്തയിൽ നിന്നും 30 കിലോമീറ്റർ അകലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുഭാഷ്ഗ്രാമിലാണ് സംഭവം. 'ഹിന്ദു ജാഗരൺ മഞ്ച്' പ്രവർത്തകരാണ് മുദ്രാവാക്യങ്ങൾ വിളിച്ചു ദേവാലയം ആക്രമിച്ചത്. ആരാധനാലയം അടിച്ചുതകർക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സോനാർപൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നൂറോളം വരുന്ന സംഘം നിർമ്മാണത്തിലിരുന്ന പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പെയിന്റിംഗ് ജോലികൾ നടക്കുകയായിരുന്ന പള്ളിയുടെ തടിവാതിൽ അക്രമികൾ ചവിട്ടിപ്പൊളിച്ചു. തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ഏണി ഉപയോഗിച്ച് പള്ളിക്ക് മുകളിൽ കയറി മേൽക്കൂരയിലുണ്ടായിരുന്ന മൂന്ന് കുരിശുകൾ തകർത്തു. കുരിശ് തകര്‍ത്തപ്പോള്‍ താഴെ നിന്ന തീവ്രഹിന്ദുത്വവാദികള്‍ കരഘോഷം മുഴക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്ത് പണം ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ തങ്ങൾ 2017 മുതൽ ഇവിടെ താമസിക്കുന്നവരാണെന്നും പാവപ്പെട്ട കുടുംബങ്ങളായ തങ്ങൾക്ക് മതപരിവർത്തനം നടത്താൻ എവിടെ നിന്നാണ് പണമെന്നും വിശ്വാസികൾ ചോദിക്കുന്നു. പ്രസ്ബിറ്റീരിയൻ ചർച്ച് ഓഫ് ഇന്ത്യയുടെ കീഴില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിന് നേരെയാണ് ആക്രമണം അരങ്ങേറിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















