News - 2026

മിഷ്ണറി നിയോഗം ഫലപ്രദമായി നടപ്പിലാക്കാന്‍ ഏഷ്യൻ മെത്രാന്മാർ വീണ്ടും ഒരുമിച്ചുകൂടുന്നു

പ്രവാചകശബ്ദം 10-07-2026 - Friday

ജക്കാർത്ത: ഏഷ്യൻ മെത്രാൻ സമിതികളുടെ ഫെഡറേഷൻ പന്ത്രണ്ടാമത് പ്ലീനറി അസംബ്ലിയുടെ ഭാഗമായി വീണ്ടും ഒരുമിച്ചുകൂടുന്നു. മലേഷ്യയിലെ ജക്കാർത്ത അതിരൂപതയുടെ നേതൃത്വത്തിൽ ഹോട്ടൽ മുലിയ സെനായാനിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ രൂപതകളില്‍ നിന്നായി 120 മെത്രാന്മാര്‍ പങ്കെടുക്കും. ജൂലൈ 20 മുതൽ 26 വരെയാണ് സമ്മേളനം നടക്കുന്നത്. "സിനഡാത്മക പരിവർത്തനവും, പരസ്പരബന്ധത്തിന്റെ പാലങ്ങളാകാനും പാലങ്ങളുടെ സൃഷ്ടാക്കളാകാനുമുള്ള സഭയുടെ നിയോഗവും" എന്ന പ്രമേയത്തിലൂന്നിയാണ് ഏഷ്യയിലെ മെത്രാൻ സമിതികളുടെ ഫെഡറേഷന്റെ പന്ത്രണ്ടാമത് പ്ലീനറി സമ്മേളനം നടക്കുക.

ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള മെത്രാന്മാർ, പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധികൾ, ഏഷ്യൻ മെത്രാൻ സമിതികളുടെ ഫെഡറേഷന്റെ ഓഫീസ് സെക്രട്ടറിമാർ, ദൈവശാസ്ത്രജ്ഞർ, അജപാലനവിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ഏഷ്യയിൽ സഭയുടെ ഭാവി ദൗത്യത്തെക്കുറിച്ച് പ്രാർത്ഥനയിലും, ചർച്ചകളിലും വിചിന്തനങ്ങളിലും അടിസ്ഥാനമിട്ട് സഭാനേതൃത്വങ്ങൾ ആശയകൈമാറ്റം നടത്തും. ഏഷ്യയിലെ വിവിധ പ്രാദേശിക സഭകൾക്ക് പരസ്പരം ആശയകൈമാറ്റത്തിനും ശ്രവണത്തിനുമുള്ള ഒരു സമയമായാണ് സമ്മേളനത്തെ വിലയിരുത്തുന്നത്.

സമ്മേളനത്തിന്റെ പ്രാരംഭ ദിവ്യബലിക്ക്, മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ മുംബൈ മുന്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഗ്രേഷ്യസ് ഓസ്വാൾഡ് മുഖ്യകാർമികത്വം വഹിക്കും. ഫെഡറേഷൻ പ്രസിഡന്റ് കർദ്ദിനാൾ ഫിലിപ്പെ നേരി ഫെറാവോ മുഖ്യപ്രഭാഷണം നടത്തും. സിനഡാത്മക അദ്ധ്യാത്മികതയെ അടിസ്ഥാനമാക്കിയ ധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും ദിനം, സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പ്രൊ പ്രീഫെക്റ്റായ കർദ്ദിനാൾ ലൂയിസ് അന്തോണിയോ ടാഗ്ലെ നയിക്കും. മോൺ. തോമാഷ് ഹാലിക്കും, ഡോ. ചൂങ് പുയ് യിയും മുഖ്യപ്രഭാഷണങ്ങൾ അവതരിപ്പിക്കും. സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്കായി ലെയോ പാപ്പ നൽകുന്ന സന്ദേശം ജൂലൈ 25ന് പ്രസിദ്ധീകരിക്കും.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »