News

ദൈവജനത്തിന് തങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു പിതാവിനെ മെത്രാന്മാരിൽ കാണാനാകണം: ലെയോ പാപ്പ

പ്രവാചകശബ്ദം 13-11-2026 - Friday

വത്തിക്കാന്‍ സിറ്റി: മെത്രാന്മാരിൽ ദൈവജനത്തിനു തങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു പിതാവിനെ കാണുവാൻ സാധിക്കണമെന്നു ലെയോ പാപ്പ. പെറുവിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി, ലിമയിൽവച്ച്, മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരിന്നു പാപ്പ. സഹോദരങ്ങൾക്കിടയിലുള്ള സംഭാഷണം പങ്കുവയ്ക്കുവാനുള്ള അവസരത്തിനും, രോഗാവസ്ഥയിൽ നിന്നും തിരികെ വരുവാൻ തനിക്കുവേണ്ടി ഉയർത്തിയ പ്രാർത്ഥനകൾക്കും നന്ദി പറഞ്ഞുകൊണ്ടാണ്, പാപ്പ സന്ദേശം ആരംഭിച്ചത്.

ദൈവവചനത്തിന്റെ നിധി കാത്തുസൂക്ഷിക്കുകയും ക്രിസ്തീയ ജീവിതം നിലനിർത്തുന്നതിന് അനിവാര്യമായ കൂദാശകൾ പരികർമ്മം ചെയ്യുകയും ചെയ്യുന്ന സന്ദേശവാഹകനാണ് മെത്രാനെന്നു പാപ്പ ചൂണ്ടിക്കാട്ടി. വീട് സന്ദർശനം നടത്തിയും, രോഗികളെ സന്ദർശിച്ചും, ചെറുപ്പക്കാരെ കണ്ടുമുട്ടിയും, പാർശ്വവത്ക്കരിക്കപ്പെട്ടവരെ ശ്രവിച്ചും രൂപതയെ കൂടുതൽ അറിയുക എന്നതാണ് മെത്രാന്റെ കടമ. ക്രിസ്തീയ രൂപീകരണം ഉറപ്പുവരുത്തുന്നതിനും, തദ്ദേശീയരുടെ ഭാഷകളിൽ സുവിശേഷം പ്രഘോഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനും അവരോടൊപ്പം ആയിരിക്കേണ്ടത് മെത്രാന്റെ ഉത്തരവാദിത്വമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.

ശുശ്രൂഷയ്ക്കിടെ വേദനാജനകമായ അജപാലന ബുദ്ധിമുട്ടുകൾ, സാമൂഹിക വിഭജനങ്ങൾ, തെറ്റിദ്ധാരണകൾ, തീരുമാനങ്ങൾ എന്നിവ അഭിമുഖീകരിക്കേണ്ടതായി വരുമ്പോഴും അജപാലന ദൗത്യം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിലല്ല, മറിച്ച് ക്രിസ്തുവിനോട് വിശ്വസ്തത പുലർത്തുന്നതിലും ആളുകൾക്ക് സാധ്യമായ ഏറ്റവും വലിയ നന്മ തേടുന്നതിലുമാണെന്നു വിശുദ്ധ തുരീബിയൂസിന്റെ വാക്കുകൾ പാപ്പ അനുസ്മരിച്ചു. യേശുവിന്റെ കുരിശ് മെത്രാൻ ശുശ്രൂഷയുടെ സവിശേഷതയാണെന്നും യേശു ക്രിസ്തുവിന്റെ സമർപ്പണവുമായി ഐക്യപ്പെടുമ്പോൾ സ്നേഹത്താൽ നാം നൽകുന്ന ഒരു ശ്രമവും ഉപയോഗശൂന്യമല്ലെന്ന് അതേ കുരിശ് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »