News

എത്യോപ്യൻ ജനതയ്ക്കു വേണ്ടി ജീവിതം ബലിയാക്കിയ കത്തോലിക്കാ സന്യാസിനിയ്ക്ക് ലോറൻസ് വെർത്ത്മാൻ മെഡൽ

പ്രവാചകശബ്ദം 11-11-2026 - Wednesday

മെക്കല്ലെ (എത്യോപ്യ): വടക്കൻ എത്യോപ്യയിലെ യുദ്ധവും ദാരിദ്ര്യവും ആഭ്യന്തര പലായനങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കിടയിൽ നടത്തിയ നിസ്വാർത്ഥ സേവനങ്ങൾക്ക് കത്തോലിക്കാ സന്യാസിനിയായ സിസ്റ്റർ മെഥിൻ തെസ്ഫായ്ക്ക് അന്താരാഷ്ട്ര അംഗീകാരം. ഡോറ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗമായ സിസ്റ്റർ മെഥിന് ജർമ്മൻ കാരിത്താസ് അസോസിയേഷൻ ഏർപ്പെടുത്തിയ പ്രശസ്തമായ 'ലോറൻസ് വെർത്ത്മാൻ മെഡൽ' (Lorenz Werthmann Medal) പുരസ്കാരമാണ് ലഭിച്ചത്.

ജർമ്മനിയിലെ ഫ്രൈബർഗിൽ വെച്ചായിരുന്നു പുരസ്കാര സമർപ്പണം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി എത്യോപ്യയിലെ പ്രശ്ന ബാധിത മേഖലയായ ടൈഗ്രയ് മേഖല കേന്ദ്രീകരിച്ച് ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് സിസ്റ്റർ മെഥിൻ തെസ്ഫായ്. ദാരിദ്ര്യം, ആഭ്യന്തര സംഘർഷം എന്നിവയാൽ ഭവനരഹിതരായ പതിനായിരക്കണക്കിന് കുടുംബങ്ങൾക്കാണ് സിസ്റ്ററും സഹസന്യാസിനികളും ചേർന്ന് അത്താണിയായത്. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്റർനാഷ്ണലുമായി സഹകരിച്ച് പാവങ്ങളിലേക്ക് അടിസ്ഥാന ആവശ്യങ്ങൾ എത്തിക്കുന്നതിനൊപ്പം തകർന്ന കിണറുകൾ നന്നാക്കൽ, സ്കൂളുകളുടെ പുനർനിർമ്മാണം, സ്വയംതൊഴിൽ സഹായങ്ങൾ എന്നിവയും ഇവർ നൽകിവരുന്നുണ്ട്.

തലസ്ഥാനമായ മെക്കല്ലെയിൽ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് സെന്റർ വഴി തെരുവ് കുട്ടികൾക്കും അനാഥർക്കും പാർപ്പിടം, പോഷകാഹാരം, വിദ്യാഭ്യാസം, കൗൺസിലിംഗ്, ചികിത്സ എന്നിവയും ലഭ്യമാക്കുന്നുണ്ട്. 2020–2022 കാലഘട്ടത്തിൽ ടൈഗ്രയ് മേഖലയെ പിടിച്ചുകുലുക്കിയ രൂക്ഷമായ ആഭ്യന്തര യുദ്ധത്തിനിടയിലും ജീവൻ പണയം വെച്ചാണ് സിസ്റ്റർ മെഥിൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ഐക്യരാഷ്ട്രസഭയ്ക്കും അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്കും കടന്നുചെല്ലാൻ കഴിയാത്ത കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലും ഇവർ ജനങ്ങൾക്കിടയിൽ നിലയുറപ്പിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യമഹത്വം ഉയർത്തിപ്പിടിക്കുകയും പ്രാദേശിക തലത്തിൽ സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനാണ് പുരസ്കാരം നൽകിവരുന്നത്. നേരത്തെ സിസ്റ്ററുടെ ധീരമായ സേവനങ്ങളെ പരിഗണിച്ചു 'റോമേറോ ഇന്റർനാഷണൽ അവാർഡും' ലഭിച്ചിരുന്നു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »